മിസിസിപ്പി: സഹപ്രവർത്തകനുമായി ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ തടസമാകാതിരിക്കാൻഅമ്മ കാറിലിരുത്തിയിട്ട് പോയ കുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞ് മരിച്ച സംഭവത്തിൽ സംഭവത്തിൽ പ്രതിയും മുൻ പൊലീസ് ഉദ്യോഗസ്ഥയുമായ അമ്മ കുറ്റസമ്മതം നടത്തി. മിസിസിപ്പി പൊലീസ് ഉദ്യോഗസ്ഥയായ കാസി ബെർക്കറാണ് കുറ്റസമ്മതം നടത്തിയത്.
2016 സെപ്‌തംബർ മുപ്പതിനായിരുന്നു സംഭവം. സഹപ്രവർത്തകനും സൂപ്പർവൈസറുമായ ക്ലാർക്ക് ലാൻഡറിനൊപ്പം ശാരീരിക ബന്ധത്തിലേർപ്പെടാനായി പോയപ്പോൾ കാസി മകളെ കാറിൽ സീറ്റ് ബെൽറ്റ് ഇട്ടുകൊടുത്ത ശേഷം ലാൻഡറുടെ അടുത്തേക്ക് പോവുകയായിരുന്നു. എന്നാൽ മകൾ കാറിലിരിക്കുന്ന കാര്യം മറന്നു പോവുകയും കാസി ലാൻഡർക്കൊപ്പം ഉറങ്ങിപ്പോവുകയുമായിരുന്നു. നാല് മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തിയ കാസി കണ്ടത് ഷയാന്റെ ജീവനറ്റ ശരീരമായിരുന്നു. വാഹനത്തിലെ എയർ കണ്ടീഷൻ പ്രവർത്തിക്കാത്തതിനെ തുടർന്ന് ശാരീരിക താപനില 107ഡിഗ്രിയായി വർദ്ധിക്കുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.
''നിങ്ങൾ ഇതുവരെ അനുഭവിച്ചതിനേക്കാൾ കൂടുതലായി എനിക്കൊന്നും ചെയ്യാനാകില്ല, ജീവിത കാലം മുഴുവനും നിങ്ങൾ മനസിലെ തടവറയിലായിക്കുമെന്ന്'' ജഡ്ജി കാസിയോട് പറഞ്ഞു. കുറഞ്ഞത് ഇരുപത് വർഷത്തെ തടവുശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ അപേക്ഷിച്ചു ഏപ്രിൽ ഒന്നിന് വിധി പറയുമെന്നായിരുന്നു കോടതി അറിയിച്ചത്.
സംഭവത്തെ തുടർന്ന് ലാൻഡറെയും കാസിയെയും സർവ്വീസിൽ നിന്ന് പുറത്താക്കിയിരുന്നു. കുഞ്ഞ് കാറിലിരിക്കുന്ന വിവരം തനിക്കറിയില്ലെന്ന് ലാൻഡർ പൊലീസിന് മൊഴി നൽകിയതിനെ തുടന്ന് ഇയാളെ കേസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ മരണം ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് പിതാവ് റയാൻ ഹയർ വ്യക്തമാക്കി.
''കണ്ണടയുമ്പോഴെല്ലാം മകളുടെ മുഖമാണ്. അവൾ ജീവനു വേണ്ടി പിടയുന്ന ചിത്രമാണ് മനസിൽ. മകൾ ചിരിക്കുന്ന ഓർമകളാണ് തലയ്ക്കകത്തെല്ലാം.. ആ ചിരി ഇപ്പോൾ വലിയ വേദനയായിരിക്കുന്നു - റയാൻ ഹയർ പറഞ്ഞു. മുൻപും സമാനമായ രീതിയിൽ കാസി മകളെ കാറിലിരുത്തിയിട്ട് പോയിട്ടുണ്ട്. അതിന് കാസിയെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്'' - അദ്ദേഹം വ്യക്തമാക്കി.