priyanka-gandhi

ന്യൂഡൽഹി: കോൺഗ്രസിലെ കുടുംബ രാഷ്ട്രീയത്തെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ബ്ലോഗിലെ പരാമർശങ്ങൾക്കെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ബാക്കിയെല്ലാവരും വിഡ്ഢികളാണെന്ന് മോദി കരുതരുതെന്ന് ഓർമിപ്പിച്ച പ്രിയങ്ക കേന്ദ്രസർക്കാർ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ തകർക്കുകയാണെന്നും ആരോപിച്ചു. രാജ്യത്ത് മാദ്ധ്യമ സ്വാതന്ത്ര്യം പോലും അപകടത്തിലാണെന്നും ഗംഗാ യാത്രയുടെ മൂന്നാം ദിവസം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ പ്രിയങ്ക കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ കുടുംബ വാഴ്‌ച രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ നശിപ്പിച്ചുവെന്ന് മോദി തന്റെ ബ്ലോഗിൽ ആരോപിച്ചിരുന്നു. 2014ൽ കുടുംബാധിപത്യത്തിന് ബദലായി ജനങ്ങൾ സത്യത്തിന് വോട്ടുചെയ്‌തെന്നും മോദി പറഞ്ഞിരുന്നു.

രാജ്യത്തെ ഓരോ ഭരണഘടനാ സ്ഥാപനങ്ങളെയും മോദി ആക്രമിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കഴിഞ്ഞ 5 വർഷം രാജ്യത്തെ മാദ്ധ്യമങ്ങളെ വരെ മോദി ആക്രമിച്ചു. ജനങ്ങൾ വിഡ്ഢികളാണെന്ന് മോദി കരുതരുത്. ഇപ്പോൾ നടക്കുന്നതെല്ലാം അവർ കാണുന്നുണ്ട്. അധികാരത്തിന്റെ ഗർവ് ബാധിച്ചവർക്ക് തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെ നിശബ്‌ദരാക്കാമെന്ന് മിഥ്യാധാരണയുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നും തങ്ങൾക്കെതിരെ സംസാരിക്കുന്നവർക്കെതിരെ ഭയപ്പെടുത്താമെന്നും അവർ കരുതുന്നു. എന്തൊക്കെ ചെയ്‌താലും തന്നെ പേടിപ്പിക്കാൻ കഴിയില്ല. എത്ര തന്നെ ദ്രോഹിച്ചാലും തങ്ങൾ പോരാടുക തന്നെ ചെയ്യുമെന്നും പ്രിയങ്ക വ്യക്തമാക്കി.

ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടാണ് പ്രിയങ്കാ ഗാന്ധിയുടെ ത്രിദിന ഗംഗാ യാത്ര സംഘടിപ്പിച്ചത്. പ്രയാഗ്‌രാജിൽ നിന്നാരംഭിച്ച യാത്ര ഇന്ന് വാരണാസിയിൽ അവസാനിക്കും. ധനികർക്ക് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാവൽക്കാരനാകുന്നതെന്നും കർഷകർക്ക് കാവലില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധി തന്റെ യാത്ര ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മേം ഭീ ചൗക്കിദാർ" കാമ്പെയിനിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ആദ്യ ദിവസത്തെ പ്രസംഗം. "ഇന്നലെ ഞാൻ കുറച്ച് ഉരുളക്കിഴങ്ങ് കർഷകരെ കണ്ടു. പടിഞ്ഞാറൻ യു.പിയിൽ നിന്നുള്ള ഉരുളക്കിഴങ്ങ് കർഷകരെ. അതിൽ ഒരു കർഷകൻ എന്നോടു പറഞ്ഞു. കാവൽക്കാരുള്ളത് സമ്പന്നർക്കാണ്. ഞങ്ങളുടെ കാവൽക്കാർ ഞങ്ങൾ തന്നെയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ "കാവൽക്കാരൻ കള്ളനാണ് (ചൗക്കിദാർ ചോർ ഹേ)" എന്ന ആരോപണത്തിനു മറുപടിയെന്നോണമാണ് ബി.ജെ.പി "ഞാനും കാവൽക്കാരനാണ് (മേം ഭീ ചൗക്കിദാർ)" കാമ്പെയിനിന് തുടക്കമിട്ടത്.