ലക്‌നൗ: ''സഖ്യം ശക്തമാണ്. എന്റെ സീറ്റ് ഞാൻ ഒഴിച്ചിടുന്നു. ഇനിയും മത്സരിക്കാമല്ലോ" ബഹുജൻ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷ മായാവതിക്കു മുന്നിൽ ഇക്കുറി യു.പിയിലെ എസ്.പി- ബി.എസ്.പി സഖ്യത്തിന്റെ വിജയം മാത്രമാണുള്ളത്.
ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഇന്നലെയാണ് മായാവതി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ബി.എസ്.പിയുടെയും സമാജ്‌വാദി പാർട്ടിയുടെയും സ്ഥാനാർത്ഥികൾക്കായി പ്രചാരണ വേദികളിൽ സജീവമായിരിക്കുമെന്നും മായാവതി അറിയിച്ചിട്ടുണ്ട്.
''മത്സരിക്കാനില്ല, എന്റെ തീരുമാനം പാർട്ടി അംഗീകരിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഭാവിയിൽ മത്സരിക്കാൻ തോന്നിയാൽ ഒരു സീറ്റ് കണ്ടെത്താൻ കഴിയും"- മായാവതി പറഞ്ഞു. എന്നാൽ മായാവതിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി കാണാനാഗ്രഹിക്കുന്നുവെന്ന് അഖിലേഷ് അടുത്തിടെ പറഞ്ഞിരുന്നെങ്കിലും അധികാര മോഹമില്ലാതെ മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബി.എസ്.പിയുടെ കരുത്തുറ്റ നേതാവ്.
ഉത്തർപ്രദേശിൽ ഇക്കുറി ബി.ജെ.പിയെ നേരിടാൻ എസ്.പിയുടെ കൈപിടിച്ചിരിക്കുകയാണ് മായാവതിയുടെ ബി.എസ്.പി. സഖ്യത്തിന് പരമാവധി സീറ്റുകളിൽ വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മായാവതി നേരത്തേ വ്യക്തമാക്കിയിരുന്നു.
2014 ലെ തിരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ട് മാത്രം നേടി ഒരു സീറ്റിലും കരകയറാൻ സാധിക്കാതിരുന്ന ബി.എസ്.പിക്ക് ഇത് അഭിമാന പോരാട്ടം കൂടിയാണ്. ഈ സാഹചര്യത്തിലാണ് ഇത്തവണ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാൻ തീരുമാനിച്ചത്.