പനാജി: ഗോവയിൽ അധികാരത്തിലേറിയ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ സഭയിൽ വിശ്വാസ വോട്ട് നേടി. 36 അംഗ സഭയിൽ 20 പേരുടെ പിന്തുണയോടെയാണ് സാവന്ത് സർക്കാർ വിശ്വാസം തെളിയിച്ചത്.
മനോഹർ പരീക്കറുടെ നിര്യാണത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് നിയമസഭാ സ്പീക്കറായിരുന്ന പ്രമോദ് സാവന്തും 12 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വിശ്വാസ വോട്ടെടുപ്പിന് ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോ അദ്ധ്യക്ഷത വഹിച്ചു.
ഗോവ ഫോർവേഡ് പാർട്ടിയുടെയും മാഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെയും നേതാക്കൾക്ക് ഉപമുഖ്യമന്ത്രി പദം നൽകിയാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ ബി.ജെ.പി ഗോവയിൽ സർക്കാരിനെ നിലനിറുത്തിയത്.
സഭയിൽ 12 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. ഗോവ ഫോർവർഡ് പാർട്ടിക്കും എം.ജി.പിക്കും മൂന്ന് അംഗങ്ങൾ വീതമുണ്ട്. രണ്ട് സ്വതന്ത്രരും ബി.ജെ.പിയെ പിന്തുണച്ചു.
14 അംഗങ്ങളുള്ള കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.