ന്യൂഡൽഹി: സംഝോത എക്‌സ്‌പ്രസ് സ്‌ഫോടന കേസ് പ്രതി അസീമാനന്ദ ഉൾപ്പെടെ നാല് പേരെ പഞ്ച്കുല ഭീകരവിരുദ്ധ കോടതി വെറുതേവിട്ടു. പ്രതികളായ ലോകേഷ് ശർമ്മ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരാണ് വെറുതേവിട്ട മറ്റ് പ്രതികൾ. 2007ൽ നടന്ന സ്‌ഫോടനത്തിൽ ഒരു പതിറ്റാണ്ടിന് ശേഷമാണ് വിധി വരുന്നത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിലെ ദൃക്‌സാക്ഷിയെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പാക് സ്വദേശിനിയായ റാഹില വകീൽ നൽകിയ ഹർജി കോടതി തള്ളി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് വകീലിന്റെ മകളാണ് റാഹില.
2007 ഫെബ്രുവരി 18നാണ് അമൃത്‌സറിലേക്കു പോയ സംഝോത എക്സ്‌പ്രസിൽ ഹരിയാനയിലെ പാനിപ്പത്തിനു സമീപത്തുവച്ച് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിലേറെയും പാകിസ്ഥാൻ പൗരൻമാരായിരുന്നു. ഹരിയാന പൊലീസ് അന്വേഷിച്ച കേസ് 2010ലാണ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയത്. 2011 ജൂണിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിലും ജമ്മുവിലെ രഘുനാഥ് ക്ഷേത്രത്തിലുമുണ്ടായ ബോംബ് സ്ഫോടനത്തിന് പ്രതികാരമായി സംഝോത എക്‌സ്‌പ്രസിൽ പ്രതികൾ ബോംബ് വച്ചുവെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. മുഖ്യപ്രതികളിൽ ഒരാളായ ആർ.എസ്.എസ് പ്രവർത്തകൻ സുനിൽ ജോഷിയെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സന്ദീപ് ഡാൻഗെ, റാംജി എന്ന രാമചന്ദ്ര കലസാൻഗ്ര, അമിത് എന്നീ പ്രതികൾ ഒളിവിലാണ്.