തിരുവനന്തപുരം: സംസ്ഥാനത്തേക്കെത്തുന്ന മയക്കുമരുന്ന് കണ്ടെത്താൻ ബസ് സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും എക്സൈസുമായി ചേർന്ന് നിത്യേന റെയ്ഡുകൾ നടത്താൻ പൊലീസ് തീരുമാനം. ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ കർശന നടപടിയെടുക്കാൻ പൊലീസ് മേധാവി ലോകനാഥ് ബെഹ്റ സോണൽ എ.ഡി.ജി.പി മാർക്കും റേഞ്ച് ഐ.ജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. ആന്റി നർക്കോട്ടിക്‌സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ രണ്ട് മാസത്തെ പ്റവർത്തനം ഡി.ജി.പി വിലയിരുത്തി.
എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിലും ദിവസേന പരിശോധനയുണ്ടാവും. വിദ്യാലയങ്ങളുടെ പരിസരത്ത് മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ജാമ്യമില്ലാ കേസെടുക്കും. റെയിൽവേ പൊലീസിൽ എസ്.പിയുടെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക് ഡിവിഷൻ രൂപീകരിക്കും. പൊലീസും എക്‌സൈസും സംയുക്തമായും റെയ്ഡുകൾ നടത്തും. ജില്ലകളിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർമാർ എല്ലാ ആഴ്ചയും ജില്ലാ പൊലീസ് മേധാവിമാരെ സന്ദർശിച്ച് മയക്കുമരുന്ന് ലോബിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കും. നാർകോട്ടിക്‌സ് സെൽ ഡി.വൈ.എസ്.പിമാർ എല്ലാ ആഴ്ചയും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർമാരുമായി യോഗം ചേരും.
എക്‌സൈസ് വകുപ്പ് സന്ദർശനം നടത്തുന്ന മൂവായിരം സ്‌കൂളുകളിൽ എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം ഇനിമുതൽ ഒരു സിവിൽ പൊലീസ് ഓഫീസർ കൂടിയുണ്ടാവും. എക്‌സൈസ് വകുപ്പിന്റെ ലഹരിവിമുക്ത പ്റവർത്തനങ്ങളിൽ പൊലീസിന്റെ സജീവപങ്കാളിത്തം ഉറപ്പാക്കും. മയക്കുമരുന്നിന്റെ ലഭ്യത തടയുക, ആവശ്യകത കുറയ്ക്കുക, അടിമകളായവർക്ക് കൗൺസലിംഗ് നൽകുക, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്നീ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്, എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണൻ, ഐ.ജിയും ആന്റി നർകോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് സംസ്ഥാന നോഡൽ ഓഫീസറുമായ പി.വിജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.