nirav-modi

ലണ്ടൻ: തട്ടിപ്പും വെട്ടിപ്പും കൈയിലുള്ള വെറുമൊരു രത്നവ്യാപാരി മാത്രമല്ല നീരവ് മോദി. ഗുജറാത്തിലെ പേരുകേട്ട രത്ന വ്യാപാരികളുടെ പരമ്പരയിലാണ് ജനനം. ബെൽജിയത്തിലെ ആന്റ്‌വെപ് കേന്ദ്രമാക്കി സ്വന്തം കുടുംബത്തിന്റെ രത്ന വ്യാപാരത്തിൽ നിന്നാണ് ബിസിനസിന്റെ തുടക്കമെങ്കിലും 20 വർഷങ്ങൾക്കു മുമ്പ് ഫയർസ്റ്രാർ ഡയമണ്ട് എന്ന പേരിൽ നീരവ് സ്വതന്ത്രമായി വ്യാപാരം തുടങ്ങി. ഒടുവിൽ ഇന്ത്യയിലെ 84-ാമത് വലിയ കോടീശ്വരന്റെ പട്ടികയിലും ഇടംപിടിച്ചു. വൈകാതെ സെലിബ്രിറ്റികൾ അണിയാൻ കൊതിക്കുന്ന ഡയമണ്ട് വ്യാപാരിയെന്ന പേരും നീരവ് സ്വന്തമാക്കി.

ബോളിവുഡിൽ മാത്രമല്ല, അങ്ങ് ഹോളിവുഡിലുമുണ്ട് നീരവിന് ആരാധകർ. അപൂർവയിനം രത്ന ശേഖരങ്ങളിൽ മനംമയക്കുന്ന ആഭരണ വിസ്മയം തീർത്ത് നീരവ് മോദി തന്റെ തട്ടകത്തിൽ ശ്രദ്ധിക്കപ്പെടുന്നത് 2010ലാണ്. കോടീശ്വരൻമാർക്കും സിനിമാ താരങ്ങൾക്കുമിടയിൽ നീരവ് മോദി രത്നങ്ങൾ പോപ്പുലറായി. ലോകസുന്ദരി പ്രിയങ്ക ചോപ്ര ബ്രാൻഡ് അംബാസഡറായതോടെ ബോളിവുഡിലും നീരവ് താരമായി. വൈകാതെ ഹോളിവുഡ് സുന്ദരി കേറ്റ് വിൻസ്‌ലെറ്റും റോസി ഹണ്ടിങ്ടണുമടക്കം നീരവ് രത്നങ്ങളുടെ ആരാധകരായി മാറി. റെഡ് കാർപ്പെറ്റിൽ കേറ്റും റോസിയുമണിഞ്ഞ നീരവ് ഡയമണ്ട്സിന്റെ കമ്മലും നെക്‌ലെസും ഫാഷൻ ലോകത്ത് വലിയ ചർച്ചയായിരുന്നു.

നീരവിന്റെ വജ്രശേഖരത്തിലെ ജനപ്രിയ ഡിസൈനായ ഗോൽഗൊണ്ട ഡയമണ്ടിന്റെ വ്യത്യസ്തമായ ഡിസൈൻ 26 കോടി രൂപയ്ക്കാണ് ഹോങ്‌കോങിൽ ലേലത്തിൽ വിറ്റത്.