damopaning

റാന്നി: പെരുന്തേനരുവി ഡാമിന്റെ ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ. വെച്ചൂച്ചിറ ഇടത്തിക്കാവ് പെരുങ്ങാവിൽ അജീഷ് ജോസി (സുനു - 24) നെയാണ് പൊലീസ് പിടികൂടിയത്. പെരുന്തേനരുവി ജല വൈദ്യുത പദ്ധതി നിർമാണം നടന്നിരുന്ന സമയത്ത് കരാർ തൊഴിലാളിയായിരുന്നു അജീഷ്.

കഴിഞ്ഞ 12ന് അർദ്ധരാത്രിയിലാണ് പെരുന്തേനരുവി ചെറുകിട ജല വൈദ്യുത പദ്ധതിയുടെ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറി ഡാമിൽ നിന്നു മുക്കാൽ മണിക്കൂറോളം വെള്ളം ഒഴുക്കി വിട്ടത്. മദ്യവും ലഹരി വസ്‌തുക്കളും സ്ഥിരമായി ഉപയോഗിക്കുന്ന അജീഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ജയദേവ് പറഞ്ഞു.
പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും നടത്തിയ പരിശോധനയിൽ ഇവിടുത്തെ റിമോട്ട് സംവിധാനം ഉപയോഗിച്ചാണ് വെള്ളം ഒഴുക്കി വിട്ടതെന്ന് മനസിലായിരുന്നു. സംഭവ ദിവസം അജീഷിനെ ഈ ഭാഗത്ത് കണ്ടതായി നാട്ടുകാർ മൊഴി നൽകി. ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഇവിടെ ജോലി ചെയ്‌തിരുന്ന പരിസരവാസികളായ രണ്ട് കരാർ ജോലിക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും സംഭവ ദിവസം ഇവർ ഇവിടെ എത്തിയിരുന്നില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് വിട്ടയച്ചു.



വൈരാഗ്യം തീർക്കാൻ ഡാം തുറന്നു !

വ്യക്തി വൈരാഗ്യം തോന്നിയാൽ അവരുടെ സ്വത്തുക്കൾ നശിപ്പിക്കുക എന്നതായിരുന്നു അനീഷിന്റെ സ്വഭാവം. ഡാമിനു തൊട്ടു താഴെ താമസിക്കുന്ന റോയിയോട് മുൻ വൈരാഗ്യമുണ്ടായിരുന്ന അനീഷ് സംഭവ ദിവസം മദ്യലഹരിയിലെത്തി റോയിയുടെ വള്ളത്തിനും വള്ളപ്പുരയ്‌ക്കും ആദ്യം തീവച്ചു. അതിന് ശേഷം ആവേശം കയറി ഡാം തുറക്കാൻ തീരുമാനിച്ചു. ഡാമിന്റെ ഷട്ടർ തുറക്കുന്ന റിമോട്ട് കൈക്കലാക്കി ഒന്നര അടി ഉയരത്തിൽ നദിയുടെ മദ്ധ്യഭാഗത്തെ ഷട്ടർ ഉയർത്തി. ഡാമിൽ നിന്നു ശക്തമായി വെള്ളം ഒഴുകിയതോടെ ഭയന്ന് റിമോട്ട് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.