high-court-

കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസ് പ്രത്യേക സി.ബി.ഐ കോടതി (എറണാകുളം അഡി. സെഷൻസ് കോടതി) ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധിയനുസരിച്ചാണ് വനിതാജഡ്‌ജി അദ്ധ്യക്ഷയായ സി.ബി.ഐ കോടതി കേസ് വിചാരണക്ക് പരിഗണിക്കുന്നത്. 2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരുമ്പോഴാണ് യുവനടി ആക്രമണത്തിനിരയായത്. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം നടിയുടെ വാഹനം തടഞ്ഞ് ഇവരെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തുകയാണ് ചെയ്തത്. പൾസർ സുനിയടക്കം 11 പ്രതികളുള്ള ഇൗ കേസിൽ നടൻ ദിലീപും പ്രതിയാണ്. ഗൂഢാലോചനക്കുറ്റം ഉൾപ്പെടെയുള്ളവയാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. എന്നാൽ ഇരയായ നടി വനിതാ ജഡ്‌ജി ഉൾപ്പെട്ട കോടതിയിൽ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസ് അഡി. സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.