neerav-modi-

ലണ്ടൻ: ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് തട്ടിപ്പിന്‍റെ വ്യാപ്തി കണക്കിലെടുത്ത് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിൽ വിട്ടാൽ ഒളിവിൽപ്പോവാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. നീരവ് മോദിയുടെ ഭാര്യ എമിക്കെതിരെയും കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു... ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വാറൻറ്. ഭാര്യ എമിയും നീരവിനൊപ്പം രാജ്യം വിട്ടിരുന്നു. നീരവ് മോദിയുടെ ഇന്ത്യയിലെ സ്വത്തുക്കൾ ലേലം ചെയ്യാനുള്ള നീക്കവും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടങ്ങിയിട്ടുണ്ട്.

വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് നാടുവിട്ട നീരവ് മോദി ഇന്ന് ലണ്ടനിൽ അറസ്റ്റിലായിരുന്നു. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ വിജയമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. അതേസമയം നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുമെന്നാണു സൂചന

നീരവ് മോദി ലണ്ടനിൽ സ്വൈരജീവിതം നയിക്കുന്നു എന്ന റിപ്പോർട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. നരേന്ദ്രമോദി നീരവ് മോദിയെ സഹായിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.