aseemanada-

പഞ്ച്​കുള: സംഝോത എക്‌സ്പ്രസ്‌ സ്​ഫോടന കേസിൽ സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ള നാല്​ പ്രതികളെയും കോടതി വെറുതെ വിട്ടു. പഞ്ച്​കുളയിലെ എൻ.ഐ.എ പ്രത്യേക കോടതിയുടേതാണ്​ ഉത്തരവ്​. ലോകേഷ്​ ശർമ്മ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരാണ് മറ്റു പ്രതികൾ. സ്​ഫോടനം നടത്താൻ സഹായം നൽകിയെന്നതാണ്​ അസീമാനന്ദക്കെതിരായ കുറ്റം.

നാല്​ പേർക്കെതിരെയും കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, ആയുധ നിയമം, റെയിൽവേ നിയമം എന്നീ വകുപ്പുകൾ ഉപയോഗിച്ചാണ്​ കേസെടുത്തിരുന്നത്​​. 2010ലാണ്​ എൻ.ഐ.എ കേസി​​​​​െൻറ അന്വേഷണം ഏറ്റെടുക്കുന്നത്​.

ഗുജറാത്തിലെ അക്ഷർധാം, ജമ്മുവിലെ രഘുനാഥ്​ മന്ദിർ, വരാണസിയിലെ സ​​ങ്കേത്​ മോച്ചൻ മന്ദിർ തുടങ്ങിയ ക്ഷേത്രങ്ങളിൽ നടന്ന സ്​ഫോടനങ്ങൾക്ക് പ്രതികാരം ചെയ്യുന്നതിനാണ്​ സം​േഝാത എകസ്​പ്രസിൽ പ്രതികൾ സ്​ഫോടനം നടത്തിയെന്നാണ്​ എൻ.ഐ.എ കുറ്റപത്രം. എന്നാൽ, ഇത്​ സംശയാസ്​പദമായി തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടുവെന്ന്​ കോടതി നിരീക്ഷിച്ചു.

2007 ഫെബ്രുവരി 18ന്​​ ഹരിയാനക്ക്​ സമീപത്തെ പാനിപത്ത്​ സ്​റ്റേഷനിൽ സംഝോത എകസ്​പ്രസിലെ രണ്ട്​ കോച്ചുകളിലാണ്​ സ്​ഫോടനം നടന്നത്​. അമൃത്​സറിലെ അറ്റാരി റെയിൽവേ സ്​റ്റേഷനിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. രണ്ട്​ കോച്ചുകളിൽ സ്​ഫോടനത്തിൽ 68 പേരാണ്​ മരിച്ചത്​. മരിച്ചവരിൽ ഭൂരിപക്ഷവും പാകിസ്ഥാൻ പൗരൻമാരായിരുന്നു. ഡൽഹിയിൽ നിന്ന്​ ലാഹോറിലേക്ക്​ സർവീസ്​ നടത്തുന്ന സൗഹൃദ തീവണ്ടിയാണ്​ സംഝോത എക്സ്​പ്രസ്​.