rajasthan-girl-missing

മുഖ്യ പ്രതിക്കും പെൺകുട്ടിക്കുമായി ബംഗളൂരുവിൽ തെരച്ചിൽ

ഓച്ചിറ: രാജസ്ഥാൻ സ്വദേശികളായ ദമ്പതികളെ ആക്രമിച്ച്‌ പതിന്നാലുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങൻകുളങ്ങര സ്വദേശി വിപിൻ, പായിക്കുഴി സ്വദേശികളായ പ്യാരി, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ ഓടിച്ചിരുന്ന അനന്തു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്യാരിക്കെതിരെ കാപ്പ വകുപ്പ് ചുമത്താൻ പൊലീസ് തീരുമാനിച്ചു.

മുഖ്യ പ്രതി മുഹമ്മദ് റോഷനെയും പെൺകുട്ടിയെയും കണ്ടെത്താനായില്ല. ഇവരെ തേടി ബംഗളൂരുവിലെത്തിയ പൊലീസ് ശ്രമം തുടരുകയാണ്. ബംഗളുരൂ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാൽ ഇവർ തങ്ങുന്ന പ്രദേശം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് കരുനാഗപ്പള്ളി എ.സി പി അരുൺരാജ് പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലെ സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

തട്ടിക്കൊണ്ടുപോയതിന് ഉപയോഗിച്ച കാർ കായംകുളത്തുനിന്നു പൊലീസ് കണ്ടെടുത്തിരുന്നു. മുഖ്യ പ്രതി മുഹമ്മദ് റോഷന്റെ നിർദ്ദേശപ്രകാരം കാർ കായംകുളത്ത് ഉപേക്ഷിച്ചെന്നാണ് അനന്തു പൊലീസിന് മാെഴി നൽകിയത്. ട്രെയിൻ മാർഗമാണ് മുഖ്യപ്രതിയും പെൺകുട്ടിയും ബംഗളൂരുവിലേക്ക് കടന്നത്.

ദേശീയ പാതയോരത്ത് മൺപ്രതിമകൾ നിർമ്മിച്ചു വിറ്റുവരുന്ന രാജസ്ഥാൻ സ്വദേശിയുടെ ​ മൂത്തമകളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ദമ്പതി​കളും മക്കളും മൂന്നു വർഷമായി കെട്ടുറപ്പി​ല്ലാത്ത വാടക വീട്ടി​ലാണ് താമസം. കാർ ഉടമസ്ഥൻ റെന്റ് എ കാർ ബിസിനസ് നടത്തുന്ന കുലശേഖരപുരം സ്വദേശിയെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. മുഹമ്മദ് റോഷന്റെ മാതാവിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകാനെന്നു പറഞ്ഞാണ് കാർ വാടകയ്ക്കെടുത്തത്.

മനുഷ്യാവകാശ കമ്മിഷനും
വനിതാ കമ്മിഷനും കേസെടുത്തു

കൊല്ലം: ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു.

പ്രതികളെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് നൽകണമെന്നും വനിതാ കമ്മിഷനംഗം എം.എസ്. താരയും മനുഷ്യാവകാശ കമ്മിഷനംഗം കെ. മോഹൻകുമാറും ജില്ലാ പൊലീസ്‌ മേധാവിക്ക് നിർദ്ദേശം നൽകി.

അവൾ അന്ന് പറഞ്ഞിരുന്നു 'എനിക്ക് പഠിച്ച് വലുതാകണം'

കൊല്ലം: "എനിക്ക് സ്കൂളിൽ പോകണം, പഠിച്ച് വലുതാകണം' കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ ഓച്ചിറയിലെ പെൺകുട്ടി ശരണബാല്യം വോളന്റിയർമാരോട് ഒരു വർഷം മുൻപ് പറഞ്ഞതാണിത്. അവളെ ഓച്ചിറയിലെ സ്കൂളിൽ ചേർത്തെങ്കിലും വൈകാതെ പഠനം ഉപേക്ഷിക്കുകയായിരുന്നു.

അന്യസംസ്ഥാനക്കാരായ കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് 2018 ഫെബ്രുവരിയിൽ ശിശുസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ശരണബാല്യം പ്രവർത്തകർ ഓച്ചിറയിലെത്തിയത്. അപ്പോൾ അവൾ ആൺവേഷം ധരിച്ച് പ്രതിമ വിൽക്കുകയായിരുന്നു. കൊല്ലത്തെത്തിച്ച് കൗൺസലിംഗ് നടത്തിയപ്പോഴാണ് അവൾ തന്റെ സ്വപ്നങ്ങൾ തുറന്ന് പറഞ്ഞത്. കുഞ്ഞായിരിക്കുമ്പോഴേ അച്ഛനമ്മമാർക്കൊപ്പം ഇവിടെയെത്തിയതാണ്. സ്കൂളിന്റെ പടി പോലും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഒരു ഭാഷയും എഴുതാനറിയില്ല. പക്ഷെ നന്നായി മലയാളം സംസാരിക്കുമായിരുന്നു.

അന്ന് ശരണബാല്യം പ്രവർത്തകർ മോചിപ്പിച്ച രാജസ്ഥാനികളായ ഏഴ് കുട്ടികളിൽ ഏറ്റവും മുതിർന്നതായിരുന്നു ഈ പെൺകുട്ടി. ബാക്കി ആറ് കുട്ടികളും ഓച്ചിറയിലെ വിവിധ സ്കൂളുകളിൽ പഠിക്കുകയാണ്. തീരെ ചെറിയ കുട്ടികളോടൊപ്പമിരുന്ന് പഠിക്കുന്നതിലെ മാനസിക സംഘർഷവും ജീവിത സാഹചര്യവുമാകാം അവളെ സ്കൂളിനോട് ദിവസങ്ങൾക്കുള്ളിൽ വിടപറയാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.