ന്യൂഡൽഹി: ചൗകീദാർ വാഗ്‌വാദങ്ങൾക്കൊടുവിൽ രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന വാച്ചമാൻമാർക്കൊപ്പം ഹോളി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ വൈകിട്ടാണ് തന്റെ 'മേം ഭീ ചൗകീദാർ" (ഞാനും കാവൽകാരൻ) കാമ്പെയിനിന്റെ ഭാഗമായി 25 ലക്ഷത്തോളം വരുന്ന വാച്ച്മാൻമാരുമായി മോദി ഓഡിയോ കോൺഫറൻസിലൂടെ ഹോളി ആശംസകൾ പങ്കുവച്ചത്.
ഞാനും കാവൽക്കാരനെന്ന ബി.ജെ.പി കാമ്പെയിനിന് പിന്തുണ ആവശ്യപ്പെട്ട് രാജ്യത്തെ 500 സ്ഥലങ്ങളിലെ കാവൽക്കാരുമായി മോദി ഈ മാസം 31ന് വീഡിയോ സംവാദവും നടത്തും.
ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യുന്ന കാവൽക്കാരുടെ കഷ്ടപ്പാടുകൾ ജനങ്ങൾക്ക് കാട്ടിക്കൊടുക്കാനാണ് ഇത്തരമൊരു സംവാദം നടത്തുന്നതെന്നും ബി.ജെ.പി വ്യക്തമാക്കി.
കാവൽക്കാരൻ കള്ളനാണെന്ന (ചൗകീദാർ ചോർ ഹേ) രാഹുൽ ഗാന്ധിയുടെ പരാമർശത്തോടെ ചൂടുപിടിച്ച ചൗകീദാർ ചർച്ച. ഞാനും കാവൽകാരൻ എന്ന പേരിൽ ബി.ജെ.പി പ്രചാരണായുധമാക്കുകയായിരുന്നു. ട്വിറ്ററിൽ മോദി തന്റെ പേര് ചൗകീദാർ മോദി എന്നാക്കുകയും ചെയ്തിരുന്നു.