election-

തിരുവനന്തപുരം: സിനിമാഗാനങ്ങളുടെ പാരഡ‌ി ഉപയോഗിച്ചുള്ള പ്രചാരണം തിരഞ്ഞെടുപ്പ് കാലത്തെ പതിവ് കാഴചയാണ്. സിനിമാപാട്ടും പാരഡിയുമായി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള സ്ഥാനാർത്ഥികളുടെയും പാർട്ടികളുടെയും പല തന്ത്രങ്ങളിലൊന്നാണിത്. ഫേസ്ബുക്കും ട്വിറ്ററും ടിക് ടോക് വീഡിയോയുമൊക്കെ പ്രചാരണത്തിന് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനായി ഇറക്കിയ പോസ്റ്ററാണ് ഇപ്പോൾ വൈറലാകുന്നത്. സൂപ്പർ ഹിറ്റായ സിനിമയുടെ പോസ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അടൂർ പ്രകാശിന്റെ പുത്തൻ സൈബർ പ്രചാരണം.

തിയേറ്ററില്‍ തരംഗം തീര്‍ത്ത ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ പോസ്റ്ററാണ് അടൂര്‍ പ്രകാശിന്‍റെ ചിത്രം ഉള്‍പ്പെടുത്തി പ്രചാരണ രംഗത്ത് എത്തിച്ചിരിക്കുന്നത്.

പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ചിരുന്നത്. അതിനാല്‍ സ്ഥാനാര്‍ഥിയുടെ പേരുമായുള്ള സാമ്യവും പോസ്റ്റര്‍ മികച്ചതാവാന്‍ കാരണമായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കണിയാപുരം ടൗണ്‍ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നിലെന്നാണ് അടൂര്‍ പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചത്.