img201903

മുക്കം: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി.കൂടരഞ്ഞി കക്കാടംപൊയിലിലെ റിസോർട്ടിൽ വച്ച് തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ വള്ളിവട്ടം ഇടിവഴിക്കൽ വീട്ടിൽ ഷമീന (27) ആണ് തിരുവമ്പാടി പൊലീസിന്റെ പിടിയിലായത്.

കൊടുങ്ങല്ലൂർ പൊലീസിന്റെ സഹായത്തോടെയാണ് അവിടെ വച്ച് പ്രതിയെപിടികൂടിയത്. കേസിനാസ്പദമായ സംഭവത്തിനു ശേഷം ഇവർ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രധാന പ്രതികളായ കൂമ്പാറ സ്വദേശി ഡോൺ, തിരുവമ്പാടി സ്വദേശി ജോർജ് എന്നിവർ നേരത്തെ പിടിയിലായതാണ്.

പരാതിക്കാരനായ തിരുവമ്പാടി സ്വദേശിയുടെ ഉടമസ്ഥതതിലുള്ള റിസോട്ട് ഡോണും ജോർജും വാടകക്കെടുക്കുകയായിരുന്നു. പരാതിക്കാരനെ റിസോട്ടിൽ വിളിച്ചു വരുത്തി ഷമീനയോടൊപ്പം നിറുത്തി ഫോട്ടോയും വീഡിയോയുമെടുക്കുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി 40000 രൂപ വാങ്ങിക്കുകയും ചെയ്തു. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. സമാന സംഭവത്തിൽ ഷമീനയുടെ പേരിൽ കൊടുങ്ങല്ലുർ ഉൾപ്പെടെ പല പൊലീസ് സ്റ്റേഷനുകളിലും പരാതിയുണ്ടെെന്നും പൊലീസ് പറഞ്ഞു.

താമരശേരി ഡി വൈ എസ്.പിയുടെ നിർദേശപ്രകാരം തിരുവമ്പാടി എസ്.ഐ സദാനന്ദൻ, സ്വപ്നേഷ്, സ്വപ്ന, ജദീർ എന്നിവരടങ്ങിയ സംഘമാണ് ഷമീനയെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഈ കേസിൽ അനീഷ് എന്നൊരാളെ ഇനിയും പിടികൂടാനുണ്ട്. കൂടുതൽ പ്രതികൾ ഉണ്ടോ എന്നറിയാൻ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.