വരാണസി∙ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ പ്രയാണത്തിനിടെ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രയാഗ് രാജിലെ മനയ്യ ഘട്ടില്‍നിന്ന് ആരംഭിച്ച യാത്ര വാരാണസിയിലെത്തിയതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം.
പ്രിയങ്കയുടെ റാലിയിൽ ബി.ജെ.പി പ്രവർത്തകരെത്തി മുദ്രവാക്യം വിളിച്ചതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിനിടെ മുൻ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ പ്രിയങ്ക മാല അണിയിക്കുകയും പുഷ്പാര്‍ചന നടത്തുകയും ചെയ്തു. ഇതിനു പിന്നാലെ ബി.ജെ.പി പ്രവർത്തകർ പ്രിയങ്ക അണിയിച്ച മാല ഊരിമാറ്റി. പ്രതിമ ഗംഗാ നദിയിലെ വെള്ളം ഉപയോഗിച്ചു കഴുകി ശുദ്ധീകരണം നടത്തുകയും ചെയ്തു.
ബിജെപി മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. മൂന്ന് ദിവസം കൊണ്ട് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു ജനങ്ങളെ നേരില്‍ കണ്ടു സംസാരിക്കുകയെന്ന ലക്ഷ്യം വെച്ചു കൊണ്ടാണു ‘സാഞ്ചി ബാത്ത് പ്രിയങ്ക കേ സാത്ത്’ എന്ന പരിപാടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. അലഹബാദിലെ രണ്ട് മണ്ഡലങ്ങള്‍, മിര്‍സാപൂര്‍, ബദോയ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസി എന്നിവടങ്ങളിലാണ് പ്രിയങ്കയുടെ സന്ദര്‍ശനം.