തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കും തോറും സ്ഥാനാർത്ഥികൾ വേറിട്ട ഭാവങ്ങളിലും വേഷങ്ങളിലും വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാം. അമ്പലങ്ങളിലും പള്ളികളിലും ജനങ്ങൾ കൂട്ടമായി നിൽക്കുന്ന എവിടെയും പ്രത്യക്ഷപ്പെടാം. എന്നാൽ അത് അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയുള്ളതായാലോ. അങ്ങിനെയുള്ള ഫോട്ടോ പങ്കുവച്ച് സ്ഥാനാർത്ഥികളെ പരിഹസിച്ച് കൊണ്ട് നടൻ ജോയ് മാത്യു രംഗത്തെത്തിയിരിക്കുകയാണ്.
കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി സി. ദിവാകരൻ,കുമ്മനം രാജശേഖരൻ തുടങ്ങിയവർ പ്രാർത്ഥിക്കുന്ന ചിത്രമാണ് ജോയ് മാത്യു ഫേസ്ബുക്കിൽ പങ്കുവച്ചത്. 'കമ്മ്യൂണിസം വരുത്തണേ ദൈവമേ എന്ന് ഒരു കൂട്ടർ, കമ്മ്യൂണിസം വരുത്തരുതേ ദൈവമേ എന്ന് വേറൊരു കൂട്ടർ, ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന ഈ ആധുനിക ഗുഹാജീവികളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫലിതം'. ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
തിരുവന്തപുരം മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയാണ് സി. ദിവാകരൻ. കുമ്മനം രാജശേഖരൻ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയും. ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമായ തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് ശശി തരൂരാണ് എതിർ സ്ഥാനാർത്ഥിയായി വരുന്നത്.