syro

കൊച്ചി: സിറോ മലബാര്‍ സഭയെ പ്രതിസന്ധിയിലാക്കിയ വ്യാജരേഖക്കേസ് ഒത്തുതീര്‍ക്കുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ടെന്ന് സഭാ സിനഡ്. ചര്‍ച്ച ചെയ്യാന്‍ കാക്കനാട് സഭാ ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തരസിനഡിലാണ് തീരുമാനം. ഭൂമി വിവാദത്തിന് പിന്നാലെ സിറോ മലബാര്‍ സഭയെ ഉലച്ച വ്യാജ രേഖാ വിവാദം ചര്‍ച്ച ചെയ്യാനാണ് അടിയന്തരമായി സിനഡ് വിളിച്ചു ചേര്‍ത്തത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തും സിനഡില്‍ പങ്കെടുത്തിരുന്നു.

കേസ് പിന്‍വലിച്ച്‌ ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടോ എന്ന കാര്യം ആദ്യം സിനഡ് പരിഗണിച്ചിരുന്നു. എന്നാല്‍ ഒത്തു തീര്‍പ്പോ കേസ് പിന്‍വലിക്കലോ വേണ്ടെന്നും വ്യാജരേഖ എവിടെ നിന്ന് വന്നു എന്ന കാര്യം കണ്ടെത്തണമെന്നും സിനഡില്‍ അഭിപ്രായമുയര്‍ന്നു. തുടര്‍ന്നാണ് കേസില്‍ ഒരു ഒത്തുതീര്‍പ്പും വേണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും തീരുമാനമായത്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും സത്യദീപം എഡിറ്റര്‍ ഫാദര്‍ പോള്‍ തേലക്കാടിനെ ഒന്നാം പ്രതിയാക്കിയും പോലീസ് കേസെടുത്തിരുന്നു. പരാതിക്കാരനായ വൈദികന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്‍റെ നടപടി.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ ബാങ്ക് രേഖയുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്‍റെ എഡിറ്റര്‍ ഫാദര്‍ പോള്‍ തേലക്കാടിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. തൊട്ടു പിന്നാലെയാണ് പരാതിക്കാരനായ വൈദികന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയത്.

ഫാദര്‍ പോള്‍ തേലക്കാട് നിര്‍മ്മിച്ച വ്യജ ബാങ്ക് രേഖ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് ജേക്കബ് മനത്തോടത്ത് വഴി സിനഡിന് മുന്നില്‍ ഹാജരാക്കിയെന്നായിരുന്നു വൈദികന്‍റെ മൊഴി. കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനായിരുന്നു നടപടിയെന്നാണ് മൊഴിയിലുള്ളത്.

സിറോ മലബാര്‍ സഭ ഐടി മിഷന്‍ ഡയറക്ടറായ ഫാദര്‍ ജോബി മാപ്രക്കാവിലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫാദര്‍ പോള്‍ തേലക്കാട് ഒന്നാം പ്രതിയും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ രണ്ടാം പ്രതിയുമായത്. ബിഷപ്പിനെതിരെ വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.