തിരുവനന്തപുരം: സമുദ്റോത്പന്ന കയറ്റുമതിയിൽ കുതിക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടനുബന്ധിച്ച് സീ ഫുഡ് പാർക്ക് നിർമ്മാണത്തിന് സർക്കാർ നടപടി തുടങ്ങി. സീ ഫുഡ് പാർക്കിന് വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കാൻ ട്രാൻസാക്ഷൻ അഡ്വൈസർ കം കൺസൾട്ടന്റിനെയും പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിനെയും നിയമിക്കാൻ തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായി ഉന്നതതല സമിതിയെ നിയോഗിച്ചു. കേന്ദ്രസർക്കാർ എംപാനൽ ചെയ്ത പട്ടികയിലുള്ള കമ്പനികളെയും ഏജൻസികളെയുമാവും ഇതിനായി പരിഗണിക്കുക. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായുള്ള ക്ഷേമ
പ്രവർത്തനങ്ങളുടെ ഭാഗമായാണ് സീ ഫുഡ് പാർക്ക് സ്ഥാപിക്കുക.
അന്താരാഷ്ട്ര തുറമുഖത്തോടനുബന്ധിച്ച് വരുന്ന മത്സ്യബന്ധന തുറമുഖത്തിന്റെ ഭാഗമായാവും സീ ഫുഡ് പാർക്ക് നിർമ്മിക്കുക. മത്സ്യബന്ധന തുറമുഖത്തിന് സമീപത്തായി 25 ഏക്കർ സ്ഥലം സീ ഫുഡ് പാർക്കിനായി വിഴിഞ്ഞം തുറമുഖ കമ്പനി നീക്കിവച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖത്തിനൊപ്പമാവും സീ ഫുഡ് പാർക്കും നിർമ്മിക്കുക. ആധുനിക സൗകര്യങ്ങളോട് കൂടിയ മത്സ്യബന്ധനതുറമുഖത്തിന്റെ രണ്ടുഘട്ടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടിനേട് ചേർന്നുള്ള സൗത്ത് മത്സ്യത്തൊഴിലാളി ഏരിയയിൽപെട്ട വലിയ കടപ്പുറം ഭാഗത്താണ് മത്സ്യബന്ധന തുറമുഖം. രാജ്യാന്തര തുറമുഖത്തിന്റെ ബ്രേക്ക് വാട്ടറിന് സമാന്തരമായി 300 മീറ്റർ വീതിയിലും 500 മീറ്റർ നീളത്തിലും മത്സ്യബന്ധന തുറമുഖത്തിനായുള്ള ബർത്ത് ഇവിടെ നിർമിക്കും. ഇവിടെ കടൽ ശാന്തമാക്കാൻ ബർത്ത് അവസാനിക്കുന്ന സ്ഥലത്തു നിന്ന് വലത്തോട്ട് നൂറ്റിനാല്പതോളം മീറ്റർ നീളത്തിൽ ഒരു പുലിമുട്ടും നിർമിക്കും. വർക്ക്ഷോപ്പ്, മീൻ സംഭരണത്തിനുള്ള കേന്ദ്രം, ഐസ് സ്റ്റോറേജ് സൗകര്യം, ലേലപ്പുര, ഗിയർഷെഡ് തുടങ്ങിയ സൗകര്യങ്ങളും സജ്ജമാക്കും. 140 കോടിയാണ് ചെലവ്. ഇതിന് സമീപത്തായാവും സീ ഫുഡ് പാർക്ക് സ്ഥാപിക്കുക. പാർക്കിന് 30 കോടിയോളം ചെലവുണ്ടാവുമെന്നാണ് സൂചന.
പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനും സീ ഫുഡ് പാർക്ക് നിർമ്മാണത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകാനുമായാണ് ട്രാൻസാക്ഷൻ അഡ്വൈസർ കം കൺസൾട്ടന്റിനെ നിയമിക്കുന്നത്. കൺസൾട്ടന്റിനെ കണ്ടെത്താൻ തുറമുഖവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായും വിഴിഞ്ഞം തുറമുഖ കമ്പനി മാനേജിംഗ് ഡയറക്ടർ കൺവീനറായും സമിതിയെ നിയോഗിച്ചു. തുറമുഖ വകുപ്പ് അഡി. ഡയറക്ടർ പി. സഹദേവൻ, കൊച്ചിയിലെ മറൈൻ പ്രോഡക്ട്സ് എക്സ്പോർട്സ് ഡെവലപ്മെന്റ് അതോറിട്ടി ഡയറക്ടർ ടി. ഡോള ശങ്കർ, ധനകാര്യവകുപ്പ് ചീഫ് ടെക്നിക്കൽ എക്സാമിനർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ എന്നിവർ അംഗങ്ങളായും സമിതിയെ നിയമിച്ചു.
സീ ഫുഡ് പാർക്ക് വരുന്നതോടെ മത്സ്യ സംസ്കരണ- കയറ്റുമതി കമ്പനികൾ വിഴിഞ്ഞത്തേക്കെത്തും. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കിൻഫ്രയുടെ മേൽനോട്ടത്തിലാവും സീ ഫുഡ് പാർക്ക് പ്രവർത്തിക്കുക.
കേന്ദ്രസർക്കാരിന്റെ ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ് വിഭാഗത്തിന്റെ അനുമതിയോടെയാവും സീ ഫുഡ് പാർക്ക് പ്രവർത്തിക്കുക. 25 കമ്പനികൾക്ക് പ്രവർത്തിക്കാൻ പാർക്കിൽ സൗകര്യമുണ്ടാവും. കമ്പനികൾക്കുള്ള കെട്ടിടങ്ങൾക്ക് പുറമെ, ശീതീകരണത്തിനും ശുചീകരണത്തിനുമുള്ള പൊതുസംവിധാനങ്ങളും പാർക്കില് നിർമ്മിക്കും. ഓരോ കമ്പനികൾക്കും ഒരേക്കർ വീതം ഭൂമി നൽകും.
30 വർഷത്തെ പാട്ടക്കാലാവധിയിലായിരിക്കും ഭൂമി നൽകുക. മത്സ്യസംസ്കരണം, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവ ലക്ഷ്യമിട്ടാണ് പാർക്ക് നിർമ്മിക്കുന്നത്. ആധുനിക സൗകര്യങ്ങളൊരുക്കി സ്വകാര്യകമ്പനികളെ ആകർഷിക്കുകയാണ് കിൻഫ്ര ലക്ഷ്യമിടുന്നത്. മത്സ്യബന്ധന തുറമുഖത്തോട് ചേർന്ന് മത്സ്യസംസ്കരണവും ഉത്പന്നങ്ങളുടെ നിർമ്മാണവും നടക്കുന്നത് കമ്പനികളുടെ ചെലവ് കുറയ്ക്കും. മാലിന്യസംസ്കരണ പ്ലാന്റും പാർക്കിനോട് അനുബന്ധിച്ചുണ്ടാവും.
കടൽ കടക്കുന്ന മീൻകോള്