തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തിയതോടെ തിരഞ്ഞെടുപ്പിന്റെ ആവേശമുണർത്തി തലസ്ഥാന നഗരത്തിൽ ചുവരെഴുത്തുകൾ തെളിഞ്ഞുതുടങ്ങി. മുന്നണികൾ നേരത്തേ ബുക്ക് ചെയ്തിട്ടിരുന്ന ചുവരുകളെല്ലാം ചായം പൂശിക്കഴിഞ്ഞു. ഫക്സ് ബോർഡുകൾക്ക് വന്ന നിയന്ത്രണം ചുവരെഴുത്തുകളുടെ പഴയ പ്രതാപകാലത്തിന് പുതുനിറമേകി.
മറ്റ് തൊഴിലുകളിലേർപ്പെട്ടിരുന്ന ചുവരെഴുത്ത് കലാകാരന്മാരും തിരികെയെത്തിയതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ചൂടേറി. കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. ശശി തരൂരാണെന്ന് നേരത്തേ സൂചനയുണ്ടായിരുന്നതിനാൽ ആദ്യം പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകൾ കോൺഗ്രസിന്റേതായിരുന്നു. പലയിടങ്ങളിലും ഫ്ലക്സും വച്ചു. എന്നാൽ പ്രചാരണത്തിന് ഫ്ലക്സ് പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് എത്തിയതോടെ ഫ്ലക്സിൽ നിന്ന് ചുവരിലേക്ക് അണികൾ ശ്രദ്ധ പതിപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരൻ എം.എൽ.എയുടെ ചുവരെഴുത്തുകളാണ് രണ്ടാം ഘട്ടത്തിൽ കളത്തിലിറങ്ങിയത്. എന്നാൽ വഴയിലയിലെ സി. ദിവാകരന്റെ ചുവരെഴുത്തിന് നേരെ കരി ഓയിൽ പ്രയോഗമുണ്ടായതൊഴിച്ചാൽ ചുവരെഴുത്തുകൾക്ക് പ്രചാരം ഏറി.
തിരഞ്ഞെടുപ്പ് വിജ്ഞാപനവും ബി.ജെ.പി മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും വരും മുമ്പേ പലയിടങ്ങളിലും ചുവരെഴുത്തുകൾ തുടങ്ങിയിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയുടെ പേര് ചേർക്കാൻ സ്ഥലം ഒഴിച്ചിട്ട് ചിഹ്നം മാത്രം വരച്ചുചേർത്തുള്ള ചുവരെഴുത്താണ് ആദ്യ ഘട്ടത്തിൽ ബി.ജെ.പി നടത്തിയത്. പിന്നീട് മിസോറം ഗവർണർ പദം രാജിവച്ച് കുമ്മനം കൂടി എത്തിയതോടെ ചുവരെഴുത്ത് മത്സരം പൊടി പൊടിക്കുകയാണ്.
ചട്ടം തെറ്റിച്ചാൽ നടപടി
ചട്ടവിരുദ്ധമായി ബാനറുകളും ബോർഡുകളും മറ്റും സ്ഥാപിച്ചാൽ അവ നീക്കാൻ വരണാധികാരി/ജില്ലാ ഇലക്ഷൻ ഓഫീസർ നോട്ടീസ് നൽകും. നോട്ടീസ് ലഭിച്ചിട്ടും പ്രതികരണമില്ലാതെ വന്നാൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അവ നീക്കം ചെയ്തശേഷം ചെലവ് സ്ഥാനാർത്ഥിയുടെ / പാർട്ടിയുടെ പക്കൽ നിന്നും ഈടാക്കും. ഒപ്പം ചെലവുകൾ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. പ്രചാരണ വസ്തുക്കൾ സ്ഥാപിച്ചതിന് ഉത്തരവാദികളായവർ നിയമ നടപടിക്കും വിധേയരാവും.
ചുവരെഴുത്തുകാരുടെ ശ്രദ്ധയ്ക്ക്
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളും വ്യക്തികളും ചുവരെഴുതുന്നതും പരസ്യം പതിക്കുന്നതും കൊടികൾ, ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിട്ടുള്ള ചട്ടങ്ങൾക്ക് വിധേയമായി വേണം.