തിരുവനന്തപുരം: പഠനോത്സവത്തിന്റെ വിമാനച്ചിറകിലേറി ആലപ്പുഴയിലെ കുട്ടികൾ അനന്തപുരിയിലെത്തി. ആലപ്പുഴ നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിലെ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെട്ട 32 അംഗ സംഘമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിയത്.
പഠനോത്സവത്തിന്റെ ഭാഗമായി ഒരു വിമാന യാത്രയുടെ സ്കിറ്റ് കുട്ടികൾ സ്കൂളിൽ അവതരിപ്പിച്ചിരുന്നു. കൊച്ചിയിൽ നിന്നു പറന്നുയരുന്ന ജമ്പോ ജെറ്റ് വിമാനം അമേരിക്കയിൽ സാൻഫ്രാൻസിസ്കോയിൽ ലാൻഡ് ചെയ്യുന്നതാണ് സ്കിറ്റിലെ പ്രമേയം. വിമാനത്താവളത്തിലും വിമാനത്തിനകത്തും നടക്കുന്ന വിവിധ രംഗങ്ങൾ കുട്ടികൾ മനോഹരമായി അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. സ്കിറ്റ് അവതരണത്തിനു ശേഷം കുട്ടികൾ ഒരു വിമാന യാത്രയുടെ ആവശ്യവുമായി സ്കൂൾ ഹെഡ്മാസ്റ്റർ മധുകുമാറിനെ സമീപിക്കുകയായിരുന്നു. കുട്ടികളുടെ ആവശ്യം മനസിലാക്കിയ ഹെഡ്മാസ്റ്റർ രക്ഷാകർത്താക്കളും അദ്ധ്യാപകരുമായി ആലോചിച്ച് യാത്ര സജ്ജീകരിച്ചു. യാത്രയിൽ ഉടനീളം ഇംഗ്ലീഷ് ഭാഷയാണ് വിദ്യാർത്ഥികൾ ഉപയോഗിച്ചത്.
തിരുവനന്തപുരത്ത് എത്തിയ സംഘം എസ്.സി.ഇ.ആർ.ടി സന്ദർശിച്ച് ഡയറക്ടർ ഡോ. ജെ. പ്രസാദ്, പൊതുവിദ്യാഭ്യാസ സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. സി. രാമകൃഷ്ണൻ എന്നിവരുമായി ചർച്ച നടത്തുകയും എസ്.സി.ഇ.ആർ.ടിയുടെ വിവിധ പദ്ധതികൾ നേരിട്ട് മനസിലാക്കുകയും ചെയ്തു. കുട്ടികൾ ഇംഗ്ലീഷ് സ്കിറ്റ് അവതരിപ്പിക്കുകയും വിക്ടേഴ്സ് ചാനലിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുകയും ഉണ്ടായി. തുടർന്ന് നാനോ ശില്പി ഡോ. ഗണേഷ് സുബ്രഹ്മണ്യൻ ക്ലാസെടുത്തു. അദ്ദേഹം തന്റെ പ്രസിദ്ധമായ നാനോ ശില്പങ്ങൾ പ്രദർശിപ്പിച്ചു. തിരുവനന്തപുരത്തെ ചരിത്ര മ്യൂസിയങ്ങൾ സന്ദർശിച്ച ശേഷം സംഘം വൈകിട്ട് ട്രെയിൻ മാർഗം അമ്പലപ്പുഴയിൽ എത്തി.
വിമാനയാത്രയ്ക്കൊപ്പം ഇംഗ്ലീഷ് ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാൻ സഹായിച്ച ഈ യാത്ര കുട്ടികൾക്ക് ഏറെ ആഹ്ലാദകരമായിരുന്നുവെന്ന് ഹെഡ്മാസ്റ്റർ എസ്. മധുകുമാർ അഭിപ്രായപ്പെട്ടു. ജയാ ജെയിംസ്, ശാന്തി .ആർ, അനിത .എം.എസ്, ദൃശ്യ സൂരജ്, സുരേഷ്കുമാർ, സകൂൾ ലീഡർ ആർ. തേജാലക്ഷ്മി എന്നിവർ നേതൃത്വം നൽകി.