തിരുവനന്തപുരം: മുഴുവൻ നഗര മാലിന്യങ്ങളും ഏറ്റുവാങ്ങി തലസ്ഥാന നഗരത്തിന്റെ ശോഭ കെടുത്തി ദുർഗന്ധം വമിക്കുന്ന ആമയിഴഞ്ചാൻ തോടിനെ വീണ്ടും പഴയപടി സുജല വാഹിനിയാക്കാനൊരുങ്ങി നഗരസഭ. ആമയിഴഞ്ചാൻ തോടിനെ ഇനിയും നഗരത്തിന്റെ കുപ്പത്തൊട്ടിയാക്കാൻ അനുവദിക്കില്ലെന്ന നിശ്ചയദാർഢ്യത്തിൽ തോട് വൃത്തിയാക്കുന്നതിന് വിപുലമായ പദ്ധതികളാണ് നഗരസഭ ആസൂത്രണം ചെയ്യുന്നത്. തോടിനെ പൂർണമായും ശുദ്ധീകരിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി 50 ലക്ഷം രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
നഗരഹൃദയത്തിൽ തമ്പാനൂർ മുതൽ രാജാജി നഗർ വരെ മാലിന്യങ്ങൾ അടിഞ്ഞുകൂടി വൻ ദുർഗന്ധമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ വർഷവും തോട് വൃത്തിയാക്കിയിരുന്നു എങ്കിലും വളരെ വേഗം തന്നെ മാലിന്യങ്ങൾ വീണ്ടും തോട്ടിലേക്കെത്തി. തോടിനിരുവശവും ഇരുമ്പ് വലകൾ കെട്ടുകയും കാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടും ഫലം കാണാത്ത സാഹചര്യത്തിൽ തോടിന് മുകളിൽ സ്ലാബുകൾ സ്ഥാപിക്കാനാണ് അധികാരികളുടെ ശ്രമം. തോടിന്റെ തകരപ്പറമ്പ്, പാറ്റൂർ ഭാഗങ്ങളിലും വലിയ തോതിൽ മാലിന്യമുണ്ട്.
ഇവിടങ്ങളിലെല്ലാം പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച നിലയിലാണ്. ആമയിഴഞ്ചാൻ തോടിനു പുറമെ പാർവതി പുത്തനാർ, കരമനയാർ എന്നിവയുടെ സംരക്ഷണവും ജലസംരക്ഷണ യജ്ഞവും നഗരസഭയുടെ ലക്ഷ്യമാണ്. നഗരസഭയുടെ നേതൃത്വത്തിൽ കിള്ളിയാർ മിഷന്റെ അടുത്ത ഘട്ടം ശുചീകരണവും ഉടൻ ഉണ്ടാകും. നഗരപരിധിയിലുള്ള മൈനർ ഇറിഗേഷൻ പദ്ധതികളുടെ ശുചീകരണത്തിനായി വിപുലമായ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. കേന്ദ്ര പദ്ധതിയായ അമൃത് വഴി 106 കോടി രൂപയുടെ ശുചീകരണ പരിപാടികളും ലക്ഷ്യം വയ്ക്കുന്നുണ്ട്. നീരുറവകളുടെ ഒഴുക്ക് തടസപ്പെടുത്തുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളാണെന്ന തിരിച്ചറിവിൽ ഗ്രീൻ പ്രോട്ടോക്കോൾ കൂടുതൽ ജാഗ്രതയോടെ നടപ്പിലാക്കുക എന്നതാണ് ഇതിനെ ചെറുക്കാൻ നഗരസഭ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന മാർഗം.
വൻകിട കമ്പനികളുടെ ഉത്പന്നങ്ങളും ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ നഗരത്തിലെത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യവും ഉയർത്തുന്ന ഭീഷണിയെയും മറികടക്കേണ്ടതുണ്ട്. ഇതിനായി പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് അനുസരിച്ചുള്ള ഇ.പി.ആർ(എക്സറ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി) നഗരത്തിൽ നടപ്പിലാക്കും. ഇതനുസരിച്ച് ഉത്പാദകരായ കമ്പനികൾ ഇത്തരത്തിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ട് പോകേണ്ടിവരും. ഇതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
മാതൃകാ നഗരമാകും: മേയർ
തിരുവനന്തപുരത്തെ പരിസ്ഥിതി-സ്ത്രീ- വയോജന സൗഹൃദ നഗരമാക്കുകയാണ് ലക്ഷ്യം. സീറോ വേസ്റ്റ് എന്നതാണ് മാലിന്യ സംസ്കരണത്തിലെ ലക്ഷ്യം. നദികളുടെ ശുചീകരണത്തിന് വലിയ തോതിലുള്ള ജനകീയ പിന്തുണയാണ് ലഭിക്കുന്നത്. നഗരത്തിലെ നദികൾ ശുചിയാകുന്നതോടെ വലിയ മാറ്റമുണ്ടാകും. പ്ലാസ്റ്റിക് രഹിത നഗരമാണ് ലക്ഷ്യമാക്കുന്നത്. ഗ്രീൻ പ്രോട്ടോക്കോൾ കൂടുതൽ ശക്തമായി നടപ്പിലാക്കും. പ്ലാസ്റ്റിക് പരിശോധന വീണ്ടും ആരംഭിക്കും.
ജനകീയ ബദൽ
ജനകീയ കൂട്ടായ്മകളിലൂടെ നദികളെ വീണ്ടെടുക്കാനും നഗരസഭ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ വിജയകരമായി നടപ്പിലാക്കിയ ഉറവിട മാലിന്യ സംസ്കരണവും, ജനകീയ പുഴ ശുചീകരണവും എയറോബിക് മാലിന്യ സംസ്കരണ സംവിധാനങ്ങളും വിപുലമാക്കാനാണ് നഗരസഭ ആലോചിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ ശുചീകരിക്കുക എന്നതാണ് മറ്റൊരു തീരുമാനം. പുഴകൾക്ക് പുനർജീവനം നൽകാനുള്ള ശ്രമങ്ങൾ ഉൾക്കൊള്ളുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ നടപ്പിലാകുന്നതോടെ അനന്തപുരിയുടെ ജലാശയങ്ങൾ നിറഞ്ഞൊഴുകുമെന്നാണ് പ്രതീക്ഷ.