തിരുവനന്തപുരം: ഈ കൊച്ചു കേരളത്തിൽ ക്രിക്കറ്റ് കളിക്കുന്നവർക്കും ക്രിക്കറ്റ് ക്ളബുകൾക്കും ഒരു കുറവുമില്ല. പണ്ടേക്കും പണ്ടേ ക്രിക്കറ്റ് ക്ലബുകൾ സജീവമാണിവിടെ. പക്ഷേ, നമ്മുടെ പെൺകുട്ടികൾക്ക് കളിക്കാനായി പേരിനു പോലും ഒരു ക്ളബില്ല. ആ പേരുദോഷം തീരുകയാണ്. വനിതകൾക്ക് മാത്രമായി ട്രാവൻകൂർ ക്രിക്കറ്റ് ക്ളബ് രൂപമെടുത്തു കഴിഞ്ഞു. ഏപ്രിൽ ആദ്യവാരം ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാകും.
ലോക വനിതാ ദിനമായ ഏപ്രിൽ എട്ടിന് ട്രാവൻകൂർ ഗേൾസ് ക്രിക്കറ്റ് ക്ലബിന്റെ ലോഗോ മന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്തിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തിരുവനന്തപുരത്തു മാത്രമുള്ള ക്രിക്കറ്റ് ക്ലബുകളുടെ എണ്ണം 110 ആണ്. ഇതിനു പുറമെ രജിസ്റ്റർ ചെയ്യാത്ത മറ്റനേകം ക്ലബുകൾ ആൺകുട്ടികൾക്കായി ഉണ്ട്. പെൺകുട്ടികൾക്കായി ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമൊക്കെ ടീം ഉണ്ട് എങ്കിലും ക്ലബോ അക്കാഡമിയോ ഇല്ല. ആ കുറവാണ് ഇപ്പോൾ ഇല്ലാതായത്.
ക്രിക്കറ്റിലൂടെ പെൺകുട്ടികൾക്ക് വേണ്ടി കായിക പരിശീലനവും പ്രോത്സാഹനവും നൽകി അവരെ നാളത്തെ കരുത്തുറ്റ വനിതകളാക്കി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോട് കൂടിയുള്ള ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികളുടെ സംരംഭമാണ് ട്രാവൻകൂർ ഗേൾസ് ക്രിക്കറ്റ് ക്ലബ്. പത്തു മുതൽ 25 വയസു വരെയുള്ള 30 പേരെ ക്ലബിലേക്ക് തിരഞ്ഞെടുത്തു കഴിഞ്ഞു. ഇവർക്ക് സംസ്ഥാനത്തിനകത്തും പുറത്തും പിന്നെ യു.എ.ഇ, ശ്രീലങ്ക എന്നിവിടങ്ങളിലും ടൂർണമെന്റുകളിലും മാച്ചുകളിലും കളിക്കാൻ അവസരം ഒരുക്കുമെന്ന് ക്ലബ് പ്രസിഡന്റ് ഗിരീഷ് ശ്രീധർ പറഞ്ഞു.
1955ലെ സൊസൈറ്റി ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന ക്ലബിൽ സീനിയർ, ജൂനിയർ ടീമിനെ പ്രതിനിധീകരിച്ചു. സ്റ്റേറ്റ്, സോണൽ, ഡിസ്ട്രിക്ട് മത്സരങ്ങളിൽ മാറ്റുരച്ചിട്ടുള്ള വിവിധ പ്രായത്തിൽപ്പെട്ട പെൺകുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ദിയാ ഗിരീഷാണ് ക്യാപ്ടൻ, കെസിയ സാബിൻ വൈസ് ക്യാപ്ടനും. കായംകുളത്ത് നടക്കുന്ന മഹേഷ് മെമ്മോറിയൽ ടൂർണമെന്റ് ക്ലബ് പങ്കെടുക്കുന്ന ആദ്യ ടൂർണമെന്റാകും.