വൻ താരചിത്രങ്ങൾക്കൊപ്പം മത്സരിക്കാൻ രണ്ട് കൊച്ച് ചിത്രങ്ങൾ കൂടി വിഷുവിന് തിയേറ്ററുകളിലെത്തുന്നു; ദ സൗണ്ട് സ്റ്റോറിയും സച്ചിനും.
ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദ സൗണ്ട് സ്റ്റോറി ഒരേ സമയം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. പ്രസാദ്പ്രഭാകർ രചനയും സംവിധാനവും നിർവഹിക്കുന്ന ദ സൗണ്ട് സ്റ്റോറിയുടെ ശബ്ദസന്നിവേശം നിർവഹിക്കുന്നതും റസൂൽ പൂക്കുട്ടിയാണ്. ചിത്രം ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്യും. ജയസൂര്യയുടെ രചനയിൽ സന്തോഷ് നായർ സംവിധാനം ചെയ്യുന്ന സച്ചിനിൽ ധ്യാൻ ശ്രീനിവാസനും അന്നാ രേഷ്മാരാജനുമാണ് നായകനും നായികയും. അജുവർഗീസാണ് മറ്റൊരു പ്രധാന താരം.
മമ്മൂട്ടിയുടെ മധുര രാജയ്ക്കൊപ്പം ഏപ്രിൽ 12ന് സച്ചിൻ തിയേറ്ററിലെത്തും. പൃഥ്വിരാജ് സംവിധായകനാകുന്ന മോഹൻലാൽ ചിത്രം ലൂസിഫർ മാർച്ച് 28ന് റിലീസ് ചെയ്യും. ബിജുമേനോനും ആസിഫ് അലിയും ബൈജു സന്തോഷും നിഖിലാ വിമലും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന നാദിർഷയുടെ മേരാ നാം ഷാജി ഏപ്രിൽ അഞ്ചിനും നവാഗതനായ വിജയ് ഫഹദ് ഫാസിൽ, സായ്പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന അതിരൻ വിഷുദിനത്തിലാണ് തിയേറ്ററുകളിലെത്തുന്നത്. സെഞ്ച്വറി ഫിലിംസാണ് അതിരന്റെ നിർമ്മാണം .