cpim

പാലക്കാട്: ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കുഞ്ഞിന്റെ അമ്മ പീ‌ഡനത്തിനിരയായതാണെന്ന് പരാതി. സി.പി.എമ്മിന്റെ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മങ്കര പെ‍ാലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി ചെർപ്പുളശേരി പെ‍ാലീസിന് കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഇക്കഴിഞ്ഞ 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പെ‍ാലീസ് നടത്തിയ അന്വേഷണത്തിലാണു കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ചു മെ‍ാഴി നൽകിയത്. സംഭവത്തെ തുടർന്ന് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരാതിയെ തുടർന്ന് ആരോപണ വിധേയനായ യുവാവിന്റെ മൊഴി പൊലീസ് എടുത്തിട്ടുണ്ട്.

ചെർപ്പുളശേരിയിലെ ഒരു കേ‍ാളജിൽ ഇരുവരും പഠിക്കുന്ന സമയത്തു കഴിഞ്ഞ വർഷം മാഗസിൻ തയാറാക്കൽ ചർച്ചയ്ക്കു പാർട്ടി ഒ‍ാഫീസിൽ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മെ‍ാഴി. അതേസമയം,​ യുവതിയുടെ വീട്ടിൽ പോയതായാണ് യുവാവിന്റെ മൊഴിയെന്നാണ് സൂചന. എന്നാൽ പാർട്ടി ഓഫീസിൽ പീഡനം നടന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നും തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം ആരേ‍ാപണങ്ങളെന്നും സി.പി.എം ചെർപ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറ​​ഞ്ഞു. അരോപണവിധേയനായ യുവാവിനെ പാർട്ടിയുമായി യാതൊരു ബന്ധമില്ലെന്നും അനുഭാവിയോ ഭാരവാഹിയോ ഒന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.