തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാൻ ദേശീയ അദ്ധ്യക്ഷൻ അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയിൽ ധാരണയായെന്ന് സൂചന. സുരേന്ദ്രനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിന് അമിത് ഷാ പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ സർവ്വേ നടത്തിയതായി റിപ്പോർട്ട്. സർവ്വേയിലൂടെ തൃശൂർ, പത്തനംതിട്ട, കാസർകോട് മണ്ഡലങ്ങളിൽ ഏറ്റവും വിജയസാദ്ധ്യത കെ.സുരേന്ദ്രനാണെന്ന് കണ്ടെത്തിയിരുന്നു. ഈ സർവേയും ശബരിമല സമരത്തിന് മുന്നിൽ നിന്ന സുരേന്ദ്രനെ അവഗണിക്കുന്നുവെന്നാരോപിച്ച് ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതും ശ്രീധരൻപിള്ളയ്ക്ക് തിരിച്ചടിയായി.
കുമ്മനം രാജശേഖരന്റെ പ്രചാരണത്തെയും പത്തനംതിട്ട തർക്കം ബാധിച്ചതോടെ സമുദായ നേതൃത്വത്തിന്റെ സമ്മതത്തോടെ ആർ.എസ്.എസ് മുൻകൈയെടുത്താണ് സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതെന്നും ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, കേരളത്തിലെ 14 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി പട്ടികയ്‌ക്ക് സമിതി അംഗീകാരം നൽകി.
കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം - എറണാകുളം, ദേശീയ സമിതി അംഗം ശോഭാസുരേന്ദ്രൻ - ആറ്റിങ്ങൽ, മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. പദ്മനാഭൻ - കണ്ണൂർ , യുവമോർച്ച നേതാവ് പ്രകാശ് ബാബു - കാസർകോട്, സി. കൃഷ്ണകുമാർ - പാലക്കാട്, കോൺഗ്രസ് വിട്ട ടോംവടക്കൻ - ചാലക്കുടി അല്ലെങ്കിൽ കൊല്ലം, സംസ്ഥാന സെക്രട്ടറി വി.കെ സജീവൻ -വടകര, മുൻ പി.എസ്.സി ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ - ആലപ്പുഴ എന്നിങ്ങനെയാണ് സൂചനകൾ.
തിരുവനന്തപുരത്ത് നേരത്തേ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച കുമ്മനം രാജശേഖരൻ പ്രചാരണത്തിൽ സജീവമാണ്. പി.കെ കൃഷ്ണദാസ്, എം.ടി രമേശ് തുടങ്ങിയ പ്രമുഖർ മത്സരത്തിനില്ല. പത്തനംതിട്ട മണ്ഡലത്തിനായി സജീവമായി രംഗത്തുണ്ടായിരുന്ന സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള മറ്റേതെങ്കിലും സീറ്റിൽ മത്സരിക്കുമോ എന്നതിൽ വ്യക്തതയില്ല. അദ്ധ്യക്ഷൻ മത്സരിക്കേണ്ടെന്ന് ദേശീയ നേതൃത്വം നിർദ്ദേശിച്ചതായും സൂചനയുണ്ട്.