ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ല. ഇന്നലെ ചേർന്ന തിരഞ്ഞെടുപ്പ് യോഗത്തിനു ശേഷവും അന്തിമ പട്ടികയിൽ തീരുമാനമായില്ല. ഇന്ന് ഉത്തരേന്ത്യയിൽ ഹോളി ആയതിനാൽ പട്ടിക നാള പുറത്തിറങ്ങാനാണ് സാദ്ധ്യത. രണ്ടാഴ്ച്ചയിലേറെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്.
ബി.ജെ.പി 14 സീറ്റുകളിലും ബി.ഡി.ജെ.എസ് അഞ്ച് സീറ്റുകളിൽ മത്സരിക്കും. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക. ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും.
അതേസമയം, പത്തനംതിട്ടയിൽ ബി. ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ ദേശീയ അദ്ധ്യക്ഷൻ അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയിൽ ധാരണയായെന്നാണ് സൂചന. ഇതുൾപ്പെടെ കേരളത്തിലെ 14 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി പട്ടികയ്‌ക്ക് സമിതി അംഗീകാരം നൽകി. അമിത് ഷാ പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ സർവേയിൽ തൃശൂർ, പത്തനംതിട്ട, കാസർകോട് മണ്ഡലങ്ങളിൽ ഏറ്റവും വിജയസാദ്ധ്യത കെ.സുരേന്ദ്രനാണെന്ന് കണ്ടെത്തിയിരുന്നു.
ഈ സർവേയും ശബരിമല സമരത്തിന് മുന്നിൽ നിന്ന സുരേന്ദ്രനെ അവഗണിക്കുന്നുവെന്നാരോപിച്ച് ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതും ശ്രീധരൻപിള്ളയ്ക്ക് തിരിച്ചടിയായി. പത്തനംതിട്ട മണ്ഡലത്തിനായി സജീവമായി രംഗത്തുണ്ടായിരുന്ന സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള മറ്റേതെങ്കിലും സീറ്റിൽ മത്സരിക്കുമോ എന്നതിൽ വ്യക്തതയില്ല. അദ്ധ്യക്ഷൻ മത്സരിക്കേണ്ടെന്ന് ദേശീയ നേതൃത്വം നിർദ്ദേശിച്ചതായും സൂചനയുണ്ട്.