arnab-goswamy

കണ്ണൂർ: റിപ്പബ്ലിക്ക് ചാനൽ അവതാരകൻ അർണാബ് ഗോസ്വാമിക്കെതിരെ കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ കേസ്. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിച്ചു എന്നാരോപിച്ചാണ് അവതാരകനെതിരെ കേസെടുത്തിരിക്കുന്നത്. പീപ്പിൾസ് ലോ ഫൗണ്ടേഷൻ പ്രസിഡന്റ് പി.ശശിയാണ് അർണാബിനെതിരെ കോടതിയെ സമീപിച്ചത്. ജൂൺ 20ന് അർണാബ് കോടതിയിൽ ഹാജരാകണമെന്ന് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്‌ ഉത്തരവിട്ടു.

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി യു.എ.ഇ ഭരണകൂടം വാഗ്ദാനം ചെയ്ത സഹായം കേന്ദ്രസർക്കാർ ഇടപെട്ട് വിലക്കിയിരുന്നു. ഇതിനെതിരെ മലയാളികളിൽ നിന്ന് ശക്തമായ പ്രതികരണം ഉയർന്നപ്പോൾ ''ഇത്രയും നാണം കെട്ടവരെ താൻ മുൻപ് കണ്ടിട്ടില്ല'' എന്ന് അർണാബ് ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു.

എല്ലാ മലയാളികളെയും അവഹേളിക്കുന്ന പരാമർശമാണ് അർണാബിൽ നിന്നുണ്ടായതെന്ന് കാണിച്ച് പി.ശശിയാണ് കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ വി.ജയകൃഷ്ണനാണ് പീപ്പിൾസ് ലോ ഫൗണ്ടേഷന് വേണ്ടി കോടതിയിൽ ഹാജരായത്.