sexual-abuse

സി.പി.എം ചെർപ്പുളശേരി പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന യുവതിയുടെ മൊഴിയിൽ പാർട്ടി പ്രതിരോധത്തിൽ. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡനവിവരം പൊലീസിനോട് പറഞ്ഞത്. ചെർപ്പുളശേരിയിലെ ഒരു കോളേജിൽ പഠിക്കുന്ന സമയത്തു കഴിഞ്ഞ വർഷം മാഗസിൻ തയാറാക്കൽ ചർച്ചയ്ക്കു പാർട്ടി ഓഫീസിൽ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി. തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ സി.പി.എമ്മിനെതിരെ പ്രയോഗിക്കാൻ കിട്ടിയ ആയുധമായി എതിർ പാർട്ടികൾ ഈ വിഷയം ഉപയോഗിച്ച് തുടങ്ങിയിരിക്കുകയാണ്.

കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം ഈ വിഷയത്തിൽ സി.പി.എമ്മിനെ ആക്ഷേപിച്ചും പരിഹസിച്ചും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിന് മുൻപ് ഷൊർണ്ണൂർ എം.എൽ.എയ്‌ക്കെതിരെ പാർട്ടിയിലെ യുവജനവിഭാഗത്തിലെ പ്രവർത്തക പീഡന പരാതി നൽകിയിരുന്നു. പാർട്ടിയുടെ മേൽഘടകത്തിന് നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പി.കെ.ശ്രീമതിയുടെയും എ.കെ.ബാലന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ അന്ന് സി.പി.എം നിയോഗിച്ചിരുന്നു. ഈ അന്വേഷണത്തിൽ സംഭവം ഒതുക്കിതീർക്കുവാൻ ശ്രമം നടന്നതായി ആരോപണമുയരുകയും ചെയ്തിരുന്നു. സമാനമായ ഒരു പരാതിയാണ് ഇപ്പോൾ ചെർപ്പുളശ്ശേരിയിലുണ്ടായതെന്നും കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ പാലക്കാട് മണ്ഡലത്തിലെത്തണമെന്നും വി.ടി ബൽറാം ആവശ്യപ്പെടുന്നു കൂടെ എ കെ ബാലനേയും കൂട്ടിക്കോളാനും ഒരു പെൺകുട്ടിയെക്കൂടെ നിശബ്ദയാക്കാനുണ്ടെന്നും അദ്ദേഹം നേതാക്കളെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെർപ്പുളശ്ശേരിയിൽ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കൾ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ച വേറൊരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ട്.

#നിശബ്ദരായിരിക്കാൻ_നമുക്കെന്തവകാശം?