allegation-against-sfi

പാലക്കാട്: ചെർപ്പുളശേരിയിലെ പാർട്ടി ഓഫീസിൽ വച്ച് പെൺകുട്ടി പീഡനത്തിന് ഇരയായെന്ന പരാതി അവിശ്വസനീയമാണെന്ന് സി.പി.എം നേതൃത്വം പ്രതികരിച്ചു. പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ പെൺകുട്ടിക്കും യുവാവിനും പാർട്ടിയുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ല. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആസൂത്രിത നീക്കമാണ്. ഏത് തരത്തിലുമുള്ള പൊലീസ് അന്വേഷണത്തോടും ഞങ്ങൾ സഹകരിക്കും. ആരോപണത്തിൽ പാ‌ർട്ടി തലത്തിലും അന്വേഷണം നടക്കുമെന്നും ചെർപ്പുളശേരി ഏരിയാ സെക്രട്ടറി കെ.ബി.സുഭാഷ് പറഞ്ഞു.

അതേസമയം, പി.കെ.ശശി എം.എൽ.എയ്ക്കെതിരെയുള്ള പീഡന വിവാദത്തിന് പിന്നാലെ പാലക്കാട്ടെ സി.പി.എമ്മിൽ വീണ്ടും പീഡന വിവാദം തലപൊക്കിയത് പാർട്ടിക്ക് തലവേദനയായി. പാർട്ടി ഓഫീസിൽ വച്ച് താൻ പീഡനത്തിനിരയായെന്ന് എസ്.എഫ് ഐ പ്രവർത്തകയായിരുന്ന യുവതി പൊലീസിന് പരാതി നൽകിയതാണ് വീണ്ടും വിവാദത്തിന് ഇടയാക്കിയത്. പ്രണയം നടിച്ച് എസ്. എഫ് .ഐ നേതാവായ യുവാവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. തിരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എമ്മിന് ഇത് വിനയാകുമെന്ന് ഉറപ്പാണ്. ഇതിനോടകം തന്നെ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ട് ഗർഭിണിയായതെന്ന് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മങ്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂരിനടുത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കുഞ്ഞിനെ അമ്മയായ യുവതി പീഡനം സംബന്ധിച്ച് പരാതി നൽകുകയായിരുന്നു. ആരോപണ വിധേയനായ യുവാവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കോളേജ് മാഗസിന്റെ പ്രവർത്തനവുമായാണ് ഇവർ പാർട്ടി ഓഫീസിലെത്താറുണ്ടായിരുന്നത്. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതിയും കുടുംബവും.പെൺകുട്ടിയുടെ പരാതിയിൽ ചെർപ്പുളശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും.