gun

കാശ്മീർ: ക്യാമ്പിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് സി.ആർ.പി.എഫ് ജവാന്മാരെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു. ജമ്മു കാശ്മീരിലെ സി.ആർ.പി.എഫ് ക്യാമ്പിൽ ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

ഉദംപൂരിലെ 187 ബറ്റാലിയൻ ക്യാംപിലെ കോൺസ്റ്റബിളായ അജിത് കുമാറാണ് സഹപ്രവർത്തകർക്ക് നേരെ നേരെ വെടിയുതിർത്തത്. തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അജിത്തിനെ ഗുരുതരമായ നിലയിൽ ക്യാംപിന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയാണ് അജിത് കുമാർ.

'സംഭവം നടന്നയുടൻ തന്നെ ഞങ്ങൾ ക്യാംപിലേക്ക് എത്തിയെങ്കിലും വെടിയേറ്റ മൂന്ന് ജവാന്മാരും കൊല്ലപ്പെട്ടിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച അജിത് കുമാർ ഗുരുതരമായി പരിക്കേറ്റ നിലയിൽ കിടക്കുകയായിരുന്നു'. സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ ഹരീന്ദർ കുമാർ പറഞ്ഞു.

രാജസ്ഥാൻ സ്വദേശി പൊകർമാൽ ആർ, ഡൽഹിയിൽ സ്വദേശി യോഗേന്ദ്ര ശർമ, ഹരിയാനയിൽ സ്വദേശി റെവാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരും സി.ആർ.പി.എഫിൽ ഹെഡ് കോൺസ്റ്റബിളുമാരാണ്.