kk-rema

തിരുവനന്തപുരം : സാഹിത്യകാരൻമാരുടെ സെലക്ടീവ് വിമർശനം മനസിലാവുന്നുണ്ടെന്ന് ആർ.എം.പി നേതാവ് കെ.കെ.രമ. വടകരയിൽ കെ.മുരളീധരനെ വിമർശിച്ച് കൊണ്ടുള്ള ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മകൻ നഷ്ടമായ ഈച്ചരവാര്യരുടെ ദുഖത്തെ ഓർത്തെടുത്താണ് ശാരദക്കുട്ടി മുരളീധരനെ കുറിച്ച് പ്രതിപാദിച്ചത്. എന്നാൽ അച്ഛന്റെ തെറ്റിന് മകനെ പഴിക്കുന്നത് ശരിയല്ലെന്ന രീതിയിൽ രൂക്ഷമായി പ്രതികരണങ്ങളായിരുന്നു കമന്റായി വന്നിരുന്നത്. ഇതേ അഭിപ്രായമാണ് കെ.കെ രമയും പങ്കുവയ്ക്കുന്നത്. പൊലീസ് ക്രൂരതയിൽ കൊല്ലപ്പെട്ട രാജന്റെ മരണത്തിൽ അന്നത്തെ മന്ത്രിയായിരുന്ന കെ. കരുണാകരന്റെ മകനെ വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന് കെ.കെ രമ ചോദിക്കുന്നു.

അക്രമരാഷ്ടീയത്തിന്റെ പേരിൽ അച്ഛനും,ഭർത്താവും, മക്കളും നഷ്ടമായ നിരവധി സ്ത്രീകളാണ് ജീവിച്ചിരിക്കുന്നതെന്നും എന്നാൽ ഈ വിഷയങ്ങളിൽ സെലക്ടീവായി വിമർശിക്കുന്ന സാഹിത്യകാരൻമാരെ തിരിച്ചറിയണമെന്നും അവർ പറയുന്നു. അവസാനമായി വടകരയിൽ കെ.മുരളീധരനെ വിമർശിച്ച് കൊണ്ട് വളഞ്ഞ വഴിയിലൂടെ ശാരദക്കുട്ടി മൂക്ക് പിടിക്കേണ്ടതില്ലെന്നും പി.ജയരാജന് വേണ്ടി നേരെ വോട്ട് ചോദിക്കുവാനും പറഞ്ഞുകൊണ്ട് ചുട്ട മറുപടി നൽകുകയും ചെയ്യുന്നു.