ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ നീരവ് മോദിയെ പാർപ്പിച്ചിരിക്കുന്നത് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും തിരക്കേറിയ ജയിലിൽ. ദക്ഷിണ പടിഞ്ഞാറൻ ലണ്ടനിൽ കൊടും കുറ്റവാളികളെ മാത്രം പാർപ്പിക്കുന്ന ഹെർ മെജസ്റ്റീസ് ജയിലിലാണ് ഇപ്പോൾ നീരവ്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബി കാറ്റഗറി ജയിലാണിത്.
ഹോളിയുടെ തലേദിവസമാണ് 48കാരനായ നീരവ് മോദിയെ വെസ്റ്റ് മജിസ്റ്റ്‌റേറ്റ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് ജില്ലാ ജഡ്ജായി മേരി മലേൻ മാർച്ച് 29വരെ മോദിയെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയപ്പോൾ വെള്ള ഷെർട്ടും ട്രൗസറുമായിരുന്നു മോദി ധരിച്ചിരുന്നത്. അടുത്ത ആഴ്ച കേസിന്റെ ആദ്യ വാദം കേൾക്കുന്നത് വരെ പ്രതിയെ പ്രത്യേക സെല്ലിലായിരിക്കും പാർപ്പിക്കുക. തിരക്കുള്ള ജയിലായതിനാൽ നീരവിനൊപ്പം നിരവധി കുറ്റവാളികളും ഉണ്ടാകും. നിലവിൽ കൈമാറ്റത്തിനായി തടവിൽ കഴിയുന്ന പാക് കുറ്റവാളിയായ ജാബിർ മോട്ടിയും നീരവിനൊപ്പം ഇപ്പോൾ സെല്ലിലുണ്ട്.
അറസ്റ്റിലാകുമ്പോൾ വെസ്റ്റ് എെലന്റിലെ സെന്റർ പോയന്റിലുള്ള ആഡംബര പാർപ്പിട സമുച്ചയത്തിലായിരുന്നു നീരവ് താമസിച്ചിരുന്നത്. ഫോബ്‌സിന്റെ പട്ടിക പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ പ്രമുഖനാണ് നീരവ് മോദി. ഫോബ്‌സിന്റെ പഠനപ്രകാരം 175 കോടി ഡോളറാണ് നീരവ് മോദിയുടെ ആസ്തി. മദ്യവ്യവസായി വിജയ്മല്യയുടെ കേസിന് സമാനമായ രീതിയിലായിരിക്കും ബ്രിട്ടീഷ് കോടതി നീരവ് മോദിയുടെ കേസും കൈകാര്യം ചെയ്യുന്നത്.
13,500 കോടി രൂപയുടെ പി.എൻ.ബി തട്ടിപ്പുകേസിൽ നീരവും അമ്മാവൻ മെഹുൽ ചോക്‌സിയുമാണ് മുഖ്യപ്രതികൾ. തട്ടിപ്പുവിവരം പുറത്തറിയുന്നതിന് മുൻപ് തന്നെ ഇരുവരും രാജ്യം വിടുകയും ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിൽ 2018 ജൂണിൽ നീരവിനും മറ്റുരണ്ടുപേർക്കും എതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.