grenade-thrown

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ സോപോറിൽ സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെ ഗ്രനേഡ്‌ ആക്രമണം. രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. സുരക്ഷാ സെെന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു.

ഈ മാസം എട്ടിന് കാശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരർ നടത്തിയ ഗ്രനേഡാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ഹരിദ്വാർ സ്വദേശിയായ മുഹമ്മദ് ഷരീക് എന്ന പതിനേഴുകാരനാണ് മരിച്ചത്. ഗ്രനേഡ് എറിഞ്ഞ യാസിർ ജാവീദ് ഭട്ട് എന്ന ഹിസ്ബുൾ ഭീകരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുൽഗാമിൽ നിന്ന് ജമ്മുവിലെത്തിയ ഇയാൾ ബസ് സ്റ്റാൻഡിലെ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു.

അതേസമയം, ഇന്ത്യയിൽ വീണ്ടും ഒരു ഭീകരാക്രമണമുണ്ടായാൽ പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന് യു.എസ്​ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ ശക്​തവും സുസ്ഥിരവുമായ നടപടിയെടുക്കണമെന്നും യു.എസ്​ അധികൃതർ ആവശ്യപ്പെട്ടു. ജെയ്​​ഷെ മുഹമ്മദ്​, ലഷ്​കറെ ത്വയ്ബ തുടങ്ങിയ ഭീകരവാദ സംഘടനകൾക്കെതിരെ പാകിസ്ഥാൻ നടപടികൾ ശക്​തമാക്കണം. ഇല്ലെങ്കിൽ മേഖലയിലെ പ്രശ്​നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നും യു.എസ്​ മുന്നറിയിപ്പ്​ നൽകി.