ramesh-chennithala

കാസർകോഡ്: സംസ്ഥാനത്തെ സി.പി.എം ഓഫീസുകൾ ബലാത്സംഗ കേന്ദ്രങ്ങളായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യം പറയുന്നതിൽ ഖേദമുണ്ട്. തിരുവല്ലയിലും ഓച്ചിറയിലും ഇപ്പോൾ പാലക്കാട്ടും കേൾക്കുന്നത് ഇതാണ്. സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്. അടുത്ത കാലത്തായി നടക്കുന്ന സംഭവങ്ങളുടെ അവസാനത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം ആരോപിച്ചു. ചെർപ്പുളശേരിയിൽ സി.പി.എം ഓഫീസിൽ കോളേജ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായിയെന്ന ആരോപണത്തിൽ മാദ്ധ്യമ പ്രവർത്തകരുമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ചില മണ്ഡലങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അവിഹിത കൂട്ടുകെട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തെയും അദ്ദേഹം നിരാകരിച്ചു. കോടിയേരിയുടെ മുൻകൂർ ജാമ്യമെടുക്കലാണിത്. ശത്രുവിന്റെ ശത്രു മിത്രമാണല്ലോ. സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് യു.ഡി.എഫിന്റെ സീറ്റ് കുറയ്ക്കാൻ ശ്രമിക്കുകയാണ്. അവർ തമ്മിൽ നിരന്തരമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. കേരളത്തിൽ ഇരുപതിൽ 20 സീറ്റും നേടുന്ന രീതിയിലാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.