ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്ഥാൻ എഫ് 16 പോർവിമാനങ്ങളുമായി പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പോർവിമാനങ്ങളിലെ ആയുധങ്ങൾ പുതിയതാക്കണമെന്ന ആവശ്യവുമായി വ്യോമസേന. ബലാക്കോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യ പാക് അതിർത്തി ഇതുവരെ ശാന്തമായിട്ടില്ല. ഇപ്പോഴും ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പരിശീലന കേന്ദ്രങ്ങളും മറ്റും ഭീകരർ കൂടുതൽ പടിഞ്ഞാറേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഇവിടങ്ങളിലെ കൃത്യമായ ലക്ഷ്യങ്ങളിൽ കടന്നാക്രമിക്കാൻ പുതിയ മിസൈലുകൾ വേണ്ടതുണ്ടെന്നാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്ഥാനിലെ ഫെഡറലി അഡ്മിനിസ്‌ട്രേറ്റഡ് ട്രൈബൽ ഏരിയയിലേക്കാണ് പ്രവർത്തനം മാറ്റിയിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ പെട്ടെന്നുള്ള ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനാണ് ഭീകരർ ഈ നീക്കം നടത്തിയതെന്നാണ് കരുതപ്പെടുന്നത്.
മിസൈലുകൾക്ക് ഒരു നിശ്ചിത കാലാവധിയാണുള്ളത്. ഉപയോഗമില്ലാതെ, കാനിസ്റ്ററുകളിൽ ഇവ സൂക്ഷിക്കുമ്പോൾ വർഷങ്ങളോളം കുഴപ്പങ്ങളില്ലാതെ ഇരിക്കും. എന്നാൽ, പോർവിമാനത്തിൽ പിടിപ്പിച്ചു പറക്കുമ്പോൾ കുറച്ചു കഴിയുമ്പോൾ ഇവയുടെ ഗുണം ഇല്ലാതാകും. ഇതിനാൽ, പുതിയവ വേണമെന്നാണ് സേന ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ പ്രധാനമായും എയർ–ടു-എയർ മിസൈലുകളാണ് ആവശ്യം. പാക് വ്യോമസേനയുടെ നീക്കങ്ങൾക്കെതിരെ പോർവിമാനങ്ങൾ മിസൈലുകൾ വഹിച്ചാണ് പറക്കുന്നത് എന്നതാണ് കാരണം.
പ്രധാനമായും പോർവിമാനങ്ങളിലെ എയർ ടു എയറിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ മാറ്റണമെന്നാണ് വ്യോമസേന നിർദേശിക്കുന്നത്. പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ എഫ് 16 പോർവിമാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ നേരത്തെ തന്നെ അമേരിക്കയിൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ,പാക് വ്യോമസേന എഫ് 16 പോർവിമാനങ്ങൾ ഉപയോഗിക്കുന്നത് തുടരുകയാണ്. മാത്രമല്ല, പാകിസ്ഥാന്റെ പക്കലുള്ള എല്ലാ എഫ് 16 പോർവിമാനങ്ങളും ഇന്ത്യയോട് ചേർന്നുള്ള അതിർത്തിയിലെ വ്യോമതാവളത്തിൽ എത്തിക്കുകയും ചെയ്‌തു.
ഇന്ത്യൻ ഭാഗത്ത് സുഖോയ് 30എം.കെ.ഐ, മിറാഷ് 2000എസ് പോർവിമാനങ്ങൾ സർവ്വസജ്ജമായിരിക്കുകയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജമ്മു കശ്മീരിലെ വ്യോമതാവളങ്ങളിലെ പോർവിമാനങ്ങളുടെ എണ്ണം ഇന്ത്യയും വർദ്ധിപ്പിച്ചിരുന്നു. 2016ലെ സർജിക്കൽ ആക്രമണത്തിന് പിന്നാലെയും ഇന്ത്യൻ സൈന്യം ആയുധങ്ങൾ മാറ്റണമെന്നും ആയുധങ്ങളിൽ ആധുനികവൽക്കരണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.