തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണ ചൂടിലാണ് നേതാക്കന്മാരും അണികളും. ചുവർ പോസ്റ്ററുകൾ പതിച്ചും നേരിട്ട് കണ്ടും വോട്ടുകൾ ചോദിക്കുന്നതിലുപരി എല്ലാവരും ഇപ്പോൾ പ്രചരണത്തിനായി സോഷ്യൽ മീഡിയയുടെ സാദ്ധ്യതകൾ കൂടി ഉപയോഗപ്പെടുത്തുകയാണ്. എല്ലാ രാഷ്ട്രീയ നേതാക്കന്മാരും അണികളും പരസ്പരം പോരുവിളിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയാണ്. ട്രോളുകളും കുറിക്ക് കൊള്ളുന്ന മറുപടികളുമായി സൈബറിടം തകർക്കുകയാണ് എല്ലാ പാർട്ടികളും.
പോരാളി ഷാജിയുടെ സഹായത്തോടെയാണ് സി.പി.എമ്മിന്റെ പ്രചരണങ്ങൾ നടക്കാറുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പടുത്തതോടെ സ്വന്തമായി ഒരു പോരാളി ഇല്ലാത്തതിന്റെ പരാതി യു.ഡി.എഫും അവസാനിപ്പിച്ചിരിക്കുകയാണ്.സി.പി.എമ്മിന്റെ സൈബർ മുഖമായ പോരാളി ഷാജിക്ക് ബദലായി പോരാളി വാസുവിനെ കളത്തിലിറക്കിയിരിക്കുകയാണ് കോൺഗ്രസ്. എന്നാൽ അഞ്ചുലക്ഷത്തിലധികം അംഗങ്ങളുള്ള ഷാജിയെ വെട്ടാൻ വാസുവിന് സാധിച്ചിട്ടില്ല. നിലവിൽ വാസുവിന് 25,000ൽ അധികം പേരാണ് വാസുവിന് ലൈക്ക് അടിച്ചിട്ടുള്ളത്.
അതേസമയം വാസു ഒട്ടും മോശക്കാരനല്ല, പേജിൽ നിറയെ ട്രോളുകളും, എതിരാളിയുടെ പ്രസംഗങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടികളും ചരിത്രം കുത്തിപ്പൊക്കി ഓമപ്പെടുത്തലുമൊക്കെയായി ഷാജിക്കൊപ്പം വാസുവും സോഷ്യൽ മീഡിയയിൽ തിമിർക്കുകയാണ്. ചർച്ചകളിലും മറ്റു പരിപാടികളിലും അപ്രതീക്ഷിതമായി അഭിപ്രായം പറയാറുമുണ്ട് ഇരുവരും. തിരഞ്ഞെടുപ്പ് അടുത്തതോടെ ഉറക്കമില്ലാതെ പോരാടുകയാണ് ഷാജിയും വാസുവും.
ഇതിന് പിന്നാലെ സ്ഥാനാർത്ഥികളുടെ പേരിൽ തന്നെ പ്രചരണത്തിനായി പുതിയ പേരുകളിൽ പേജുകളും അണികൾ തയ്യാറാക്കിയിട്ടുണ്ട്. സി.പി.എമ്മിന് ഇത്തരത്തിൽ പ്രവർത്തിക്കാനായി നിരവധി പേജുകൾ നിലവിലുണ്ട്. തിരുവാലി സഖാക്കൾ, കൊണ്ടോട്ടി സഖാക്കൾ, അമ്പാടിമുക്ക് സഖാക്കൾ, ചുവപ്പ്, വിപ്ലവം, തുടങ്ങി നിരവധി പേജുകൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. ഇതിനെ തുടർന്ന് കോൺഗ്രസ് അനുഭാവികളും ചില പേജുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും സജീവമായി വരുന്നതേയുള്ളു.
കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥിയായ എം.കെ.രാഘവനുവേണ്ടി ട്രോളുന്ന രാഘവേട്ടന്റെ കോഴിക്കോട്, കണ്ണൂരിലെ സി.പി.എം സ്ഥാനാർഥിയായ പി.കെ.ശ്രീമതിക്കുവേണ്ടിയുള്ള എന്റെ ടീച്ചർ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിക്ക സ്ഥാനാർഥികൾക്ക് വേണ്ടിയും പ്രത്യേക പ്രചരണ പേജുകളും പാർട്ടി അനുഭാവികൾ തുടങ്ങിയിട്ടുണ്ട്.