notes

തിരുവനന്തപുരം : ഇനി റോഡുകളിൽ വാഹന പരിശോധനയ്ക്കായി പൊലീസിനൊപ്പം തിരഞ്ഞെടുപ്പ് സ്‌ക്വാഡും ഉണ്ടാവും, തിരഞ്ഞടുപ്പ് പണമൊഴുക്കിന്റെ കാലമായതാണ് ഇതിന് കാരണം. സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പിനായി ചെലവഴിക്കാനുള്ള തുകയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിധിവച്ചിട്ടുണ്ടെങ്കിലും പണക്കൊഴുപ്പിന്റെ വിളനിലമാണ് തിരഞ്ഞെടുപ്പ്കാലം. അണികളെ കൂടെ നിർത്തുവാനും, പ്രചരണവസ്തുക്കളിറക്കി കളം നിറഞ്ഞാടാനും നോട്ടുകെട്ടിന്റെ പിൻബലം അത്യാവശ്യമാണ്. കണക്കിൽപ്പെടാത്ത പണം സംശയമുണ്ടാവാത്ത രീതിയിൽ റോഡുമാർഗം എത്തിക്കുന്നത് തടയാനാണ് തിരഞ്ഞെടുപ്പ് സക്വാഡ് പ്രവർത്തനങ്ങൾ സജീവമാക്കുന്നത്. നമ്മുടെ നാട്ടിൽ പരിചിതമല്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നോട്ട് വാങ്ങി വോട്ട് നൽകുന്നത് സാധാരണമായ സംഭവമാണ്. ഇതിനായി വൻതുകകൾ വാഹനങ്ങളിൽ കടത്തുന്നതിനിടെ സ്‌ക്വാഡിന്റെ പരിശോധനയിൽ പിടികൂടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

പരിശോധനയ്ക്കിടെ 50,000 രൂപയിൽ കൂടുതൽ കൈവശം കണ്ടാൽ അതിന്റെ രേഖ ആവശ്യപ്പെടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുമുണ്ട്. അത് ഹാജരാക്കാൻ സമയത്ത് കഴിയാതിരുന്നാൽ ആ പണം പിടിച്ചെടുക്കും. പിന്നീട് പിടിച്ചെടുത്ത പണം തിരികെ കിട്ടാൻ കുറേയധികം പാടുപെടേണ്ടി വരും.

ഇതൊഴിവാക്കാൻ വലിയ തുകകളുമായി യാത്ര ചെയ്യുന്നവർ അതിനുള്ള കൃത്യമായ രേഖയും കൈവശം സൂക്ഷിക്കേണ്ടതായിട്ടുണ്ട്. ഇടപാടുകളുടെ നിയമ സാധുതയും സ്രോതസും തെളിയിക്കുന്ന രേഖകളാകണം സൂക്ഷിക്കേണ്ടത്.