ന്യൂയോർക്ക്: തടികൂടിപ്പോയാൽ സൗന്ദര്യം പോയെന്നാണ് വയ്പ്പ്. എത്ര കഴിവുണ്ടെങ്കിലും എല്ലാത്തിൽ നിന്നും ഇവരെ മാറ്റിനിറുത്തും. പരിഹാസവും അവഹേളനവും മാത്രം ബാക്കി. മിക്കയിടങ്ങളിലും ഇതുതന്നെ സ്ഥിതി.
ഏറെ കഴിവുള്ള നടിമാർക്കു പോലും തടികൂടിയതിന്റെ പേരിൽ കോമഡി രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടാനാണ് അവസരം ലഭിക്കുക. പ്ളസ് സൈസ് എന്ന ഒാമനപ്പേരും ഇവർക്ക് നൽകും. ഇതെല്ലാം കേട്ട് നിരാശരാകേണ്ട. തടിയുടെ പേരിൽ മാറ്റിനിറുത്തിയവർക്ക് നല്ലകാലം വന്നെത്തി.
അഴകളവുകൾ കിറുകൃത്യമായ സുന്ദരികൾ മാത്രം നിറഞ്ഞാടിയിരുന്ന അമേരിക്കൻ ടെലിവിഷനിൽ നിന്നാണ് ശുഭവാർത്ത എത്തുന്നത്. ഉടൻ സംപ്രേഷണം ചെയ്യുന്ന ഷ്രിൽ എന്ന പരമ്പരയിലെ നായിക ഒരു പ്ളസ് സൈസുകാരിയാണ്. പേര് എയ്ഡി ബ്രയൻസ്. അടുത്തിടെ ക്രിസ്സി മെറ്റ്സ് ഉൾപ്പെടെയുള്ള തടികൂടിയ നടിമാർക്ക് ഗൗരവമുള്ള വേഷങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് എയ്ഡിക്ക് അവസരം ലഭിച്ചതെന്നാണ് കരുതുന്നത്.
പരമ്പരയുടെ പ്രചരണാർത്ഥം കഴിഞ്ഞദിവസം ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ എയ്ഡി അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് സദസുമായി സംവദിച്ചത്. തടികൂടിയവരെ നായികയായി കാണുന്നത് അമേരിക്കക്കാർക്ക് പരിചയമില്ലാത്ത ഏർപ്പാടാണെങ്കിലും ഒരുകൈ നോക്കാനാണ് എയ്ഡിയുടെ തീരുമാനം.
പരമ്പര വൻ വിജയമാകുമെന്ന ആത്മവിശ്വാസവും അവർക്കുണ്ട്. കോമഡി ഷോകളിലൂടെ ലോകത്താകമാനം നിരവധി ആരാധരകരുള്ള താരമാണ് എയ്ഡി. ഇതാണ് ആത്മവിശ്വാസത്തിന്റെ പ്രധാന കാരണം.എയ്ഡിക്കൊപ്പം മറ്റുചിലരും നായികാ റോളിലേക്ക് ഉടനെത്തും. ഷ്രിൽ പരമ്പരയുടെ വിജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ ഭാവി.