തിരുവനന്തപുരം : പഞ്ചാബ് നാഷണൽ ബാങ്കിനെ 13,500 കോടി രൂപ കബളിപ്പിച്ച കേസിൽ വജ്രവ്യാപാരി നീരവ് മോദിയെ സ്‌കോട്ട്ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്ത വാർത്തയിൽ രാഷ്ട്രീയം കലർത്തി കോൺഗ്രസ് മുഖപത്രം. ഒരു മോദി അറസ്റ്റിൽ എന്ന തലക്കെട്ടാണ് ഈ വാർത്തയ്ക്ക് പത്രം നൽകിയത്. വാർത്തയ്ക്കിടയിൽ അടുത്തത് എന്ന തലക്കെട്ടിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെയും ലളിത് മോദിയുടെയും ചിത്രങ്ങളടക്കം ബോക്സ് വാർത്തയായും നൽകി. റാഫേൽ അഴിമതിയിൽ രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി എന്ന കുറ്റമാണ് പത്രം നരേന്ദ്രമോദിക്കുമേൽ ചുമത്തുന്നത്. നരേന്ദ്ര മോദിയെ ട്രോളിക്കൊണ്ടുള്ള കോൺഗ്രസ് മുഖപത്രത്തിന്റെ ഒന്നാം പേജ് ഫേസ്ബുക്കിൽ വൈറലായിരിക്കുകയാണ്.
മദ്ധ്യ ലണ്ടനിലെ ഹോൾബോണിൽ ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റിലായ നീരവ് മോദിയെ ഇന്നലെ രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാളെ വിട്ടുതരണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കെയാണ് അറസ്റ്റ്. ഇന്റർപോളിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുള്ള നീരവ് മോദിക്കെതിരെ വഞ്ചന, പണം തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.