ദുബായ്: ഭർത്താവിന് സർപ്രൈസ് ഒരുക്കാനായി പ്ലാസ്റ്റിക് സർജറിക്ക് വിധേയയായ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. സൗന്ദര്യം കൂട്ടി തന്നെ വഞ്ചിക്കാൻ ശ്രമിച്ചെന്നും അതിനാൽ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട ഭർത്താവിന് അനുകൂലമായി നിലപാടെടുത്ത കോടതി വിവാഹമോചനം അനുവദിച്ചു. പ്രശ്നം ഒത്തുതീർപ്പാക്കാൻ ചിലർ ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. അൽ ഐനിലായിരുന്നു സംഭവം.
രണ്ടുമാസത്തെ യാത്രയ്ക്കുശേഷം ഭർത്താവ് തിരികെയെത്തുമ്പോഴാണ് സർപ്രൈസ് ഒരുക്കാൻ ഭാര്യ ശ്രമിച്ചത്. ഭാര്യയെകണ്ട് അയാൾ ഞെട്ടിപ്പോയി. നാടൻ സുന്ദരിയായിരുന്ന ഭാര്യയുടെ സ്ഥാനത്ത് ഒരു മോസ്റ്റുമോഡേൺ സുന്ദരി. തനിക്ക് ആളുമാറിപ്പോയെന്നാണ് ആദ്യം കരുതിയത്. അപ്പോൾ ഭാര്യതന്നെ ശസ്ത്രക്രിയ നടത്തിയെന്ന രഹസ്യം പൊട്ടിച്ചു. സന്തോഷവും അതിശയവുംകൊണ്ട് ഭർത്താവിന്റെ കണ്ണുതള്ളുമെന്ന് കരുതിയ യുവതിക്ക് അപ്പടി തെറ്റി.
അനുവാദംചോദിക്കാതെ ശസ്ത്രക്രിയക്ക് വിധേയയായതാണ് ഭർത്താവിന് ഒട്ടും ഇഷ്ടമാകാത്തത്. ഇല്ലാത്ത സൗന്ദര്യം കാട്ടി വഞ്ചിക്കാൻ ശ്രമിച്ച ഭാര്യയെ വിശ്വസിക്കാൻ വയ്യെന്നും വിവാഹമോചനം ഉടൻ വേണമെന്നും ആവശ്യപ്പെട്ട് അയാൾ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.
മുഖത്തെ ചുളിവുകൾ മാത്രമാണ് ശസ്ത്രക്രിയയിലൂടെ മാറ്റിയതെന്നും നാട്ടിലെ ഒരാശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത് എന്നുപറഞ്ഞെങ്കിലും ഭർത്താവ് ചെവിക്കൊണ്ടില്ല. വിവാഹമോചനം വേണമെന്നതിൽ ഉറച്ചുനിന്നു. തുടർന്നാണ് കോടതി വിവാഹമോചനം അനുവദിച്ചത്. ദമ്പതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.