''മോനേ... "
വേലായുധൻ മാസ്റ്റർ അലറിക്കരഞ്ഞു. പക്ഷേ ശബ്ദം തൊണ്ടയിൽ കുരുങ്ങി വീണു....
മുന്നിൽ ചൂട്ടുപോലെ കത്തിയെരിയുന്നതിനാെപ്പം പിടയുന്നുണ്ട് നോബിൾ തോമസ്...
അപ്പോൾ തീ പിടിച്ച പെട്രോൾ തുള്ളികൾ ചുറ്റും ചിതറി....
അടുത്ത നിമിഷം അവന്റെ ശരീരത്തിലേക്ക് ഇറ്റുവീണുകൊണ്ടിരുന്ന പെട്രോൾ കന്നാസ് പൊട്ടിത്തെറിച്ചു.
തീയും പെട്രോളും മാസ്റ്ററുടെ ശരീരത്തിലേക്കും വീണു...
വസ്ത്രങ്ങളിൽ തീ പിടിക്കും മുൻപ്, മാസ്റ്റർ പിന്നോട്ടു തെന്നി മാറി. തീത്തുണ്ടുകൾ തട്ടിക്കളഞ്ഞു.
അതിനിടെ അയാളുടെ കയ്യിലിരുന്ന റിവോൾവർ പിടിവിട്ടു പോയി...
''അച്ഛാ...." അവസാനമായി എന്നവണ്ണം നോബിളിൽ നിന്നൊരു ഞരക്കം കേട്ടു....
കത്തിക്കരിയുന്ന മാംസത്തിന്റെ അതിരൂക്ഷ ഗന്ധം!
മാസ്റ്റർ തലയിൽ കൈവച്ചുകൊണ്ട് തറയിൽ കുത്തിയിരുന്നു. ഇത്രയും കാലം ചെയ്തുകൂട്ടിയ അസംഖ്യം പാപങ്ങൾ അയാളുടെ മനസിലൂടെ മിന്നൽ പോലെ കടന്നുപോയി...
തന്റെ മകനെ പെട്രോളിൽ കുളിപ്പിച്ച ശേഷം ഒരു വര കണക്കെ അകലേക്ക് മണ്ണിലും പെട്രോൾ ഒഴിച്ചിരിക്കുകയായിരുന്നു എന്ന് അയാൾക്കുറപ്പായി.
പിന്നെ ആ വരയുടെ അങ്ങേയറ്റത്ത് തീ കൊളുത്തുകയായിരുന്നു അവൾ!
നോബിളിനെ കെട്ടിയിരുന്ന മരത്തിന്റെ ശിഖരങ്ങൾക്കു പോലും തീ പിടിച്ചിരുന്നു....
വസ്ത്രങ്ങൾ മുഴുവൻ കരിഞ്ഞിട്ടും നോബിളിന്റെ ശരീരത്തിൽ തീ ബാക്കി നിന്നു.
സ്കോർപിയോയുടെ വെളിച്ചം അപ്പോഴും അവനിൽത്തന്നെ പതിഞ്ഞിരുന്നു.
മാസ്റ്ററുടെ കണ്ണുകളിൽ നിന്ന് നീർ ധാരയായി കവിളിലേക്കിറ്റു.
അയാളുടെ പല്ലുകൾ ഞെരിഞ്ഞു.
പെട്ടെന്നു കണ്ണീർ വറ്റി.
കണ്ണുകളിൽ നിന്നു തീയാളി.
''എവിടെയാടീ നീ?"
വെട്ടിത്തിരിഞ്ഞ് അയാൾ ചാടിയെഴുന്നേറ്റു.
അപ്പോൾ കണ്ടു... സ്കോർപിയോയുടെ ഹെഡ്ലൈറ്റുകൾക്കു നടുവിൽ ഒരാൾ...
പിന്നിൽ വെളിച്ചമായതിനാൽ ആളിനെ തിരിച്ചറിയാൻ വയ്യ...
തന്റെ റിവോൾവറിനായി മാസ്റ്റർ ചുറ്റും പരതി.
കണ്ടില്ല....
സ്കോർപിയോയ്ക്കു മുന്നിൽ കണ്ട രൂപം സാവകാശം അടുത്തെത്തി.
ഒരു കാക്കിധാരി.
ഇപ്പോൾ മാസ്റ്റർക്ക് ആളിനെ വ്യക്തമായി...
രാഹുലിനെ വിലങ്ങണിയിക്കാൻ എസ്. പി അരുണാചലം വിളിച്ചുവരുത്തിയവൾ...!
പിങ്ക് പോലീസ് എസ്.ഐ വിജയ!
''എടീ..." മാസ്റ്റർ ഗർജ്ജിച്ചു.
''നീ എന്റെ മോനെ..."
''ഷട്ടപ്പ്..." വിജയ കൈചൂണ്ടി.
''നീ ഓർക്കുന്നുണ്ടോ ഈ കോളേജ് വളപ്പിൽ വച്ച് നിരപരാധിയായ ഒരു യുവാവിനെ കൊത്തിയരിഞ്ഞത്? നിന്റെ ഈ കരിഞ്ഞു കിടക്കുന്ന ജാരസന്തതിക്കു വേണ്ടിയിട്ട്?"
മാസ്റ്റർക്ക് ഉമിനീർ വറ്റി.
വിജയയുടെ ശബ്ദം തീക്കാറ്റായി ചീറിയടിച്ചു:
''എന്റെ അനുജന്റെ മൃതദേഹം കണ്ട നിമിഷം ഞാൻ മനസിൽ ഉറപ്പിച്ചതാണ് കണക്കുതീർക്കാൻ. ആർക്കു വേണ്ടിയാണോ എന്റെ അനുജനെ കൊന്നത്, അവനെയും അതു ചെയ്യിച്ചവനെയും ഇതേ സ്ഥലത്തുവച്ച് തീർക്കുമെന്ന്."
വിജയയുടെ ശബ്ദം ഏറ്റുപിടിച്ചതുപോലെ ഒരു കാറ്റു വീശി.
കോളേജ് വളപ്പിലെ മരച്ചില്ലകൾ വല്ലാതെ ഉലഞ്ഞു.
പെട്ടെന്ന് അയാൾക്ക് ചുറ്റും അഞ്ച് കാക്കിധാരികൾ കൂടി പ്രത്യക്ഷപ്പെട്ടു.
മാസ്റ്ററുടെ കണ്ണുകൾ കുറുകി. എല്ലാം യുവതികൾ... പോലീസുകാരികൾ...
''കേട്ടോ മുൻ മുഖ്യമന്ത്രീ..."
സി.പി.ഒ നിർമ്മല പറഞ്ഞു.
''നിങ്ങൾ പുരുഷന്മാർക്ക് എന്തുമാകാം. അല്ലേ? ഇവിടെ ഞങ്ങൾ സ്ത്രീകളും തെളിയിക്കാൻ പോകുകയാണ്, ഞങ്ങൾക്കും എന്തും കഴിയുമെന്ന്."
''എടീ..."
മാസ്റ്റർ കൈവീശി ഒറ്റയടി.
''അങ്ങനെ എന്നെ തോൽപ്പിക്കാമെന്ന് ഒരുവളും കരുതണ്ടെടീ."
എന്നാൽ മിന്നൽ വേഗത്തിൽ നിർമ്മല താഴേക്കൊഴിഞ്ഞു.
ആ സെക്കന്റിൽ വിജയ ഒറ്റ ചവിട്ട്. അയാളുടെ പുറത്ത്.
''ഹാ...." മാസ്റ്റർ മുന്നോട്ടു വേച്ചു. പക്ഷേ വിജയ പിന്നിൽ നിന്ന് അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു. പിന്നെ കാൽ മടക്കിൽ ആഞ്ഞുചവിട്ടി.
[തുടരും]