സഹ തിരക്കഥാകൃത്തായി സിനിമാ ലോകത്തെത്തിയ ദിലീഷ് നായർ തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിന്റെ പണിപ്പുരയിലാണ്. ടമാർ പഠാർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച ദിലീഷ് തന്റെ രണ്ടാമത്തെ ചിത്രത്തിലും ചില അത്ഭുതങ്ങൾ ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്. 'ഞാൻ ഒരു പുതിയ സിനിമ സംവിധാനം ചെയ്യുകയാണ്.
അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒന്നിൽ കൂടുതൽ നായകന്മാർ ഉള്ളതുകൊണ്ട് താര നിർണയം പൂർത്തിയായി വരുന്നതേയുള്ളൂ. വൈകാതെ ഇതു സംബന്ധിച്ച് ഔദ്യോഗിക അനൗൺസ്മെന്റ് ഉണ്ടാകും"- തൊടുപുഴയിലെ വീട്ടിലിരുന്ന് ദിലീഷ് പറഞ്ഞു. തന്റെ സിനിമാ വിശേഷങ്ങളും കടന്നു വന്ന വഴികളും ദിലീഷ് ' ഫ്ളാഷു"മായി പങ്കുവയ്ക്കുന്നു
തുടക്കം ശ്യാമിനൊപ്പം
ആഷിക്ക് അബുവിന്റെ സോൾട്ട് ആന്റ് പെപ്പറിൽ സഹ എഴുത്തുകാരനായാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. ഒപ്പം എഴുതിയത് ശ്യാം പുഷ്കർ. ഡാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി സിനിമകളിലൊക്കെ സഹ എഴുത്തുകാരനായി. തുടക്കത്തിൽ ഞാനും ശ്യാമും ഒരുമിച്ചാണ് സോൾട്ട് ആന്റ് പെപ്പർ സിനിമക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതിയത്. അതിന് ശേഷം ഞങ്ങൾ ഏതാനും സിനിമകൾ കൂടി ചെയ്തു. അതിൽ ചിലത് ഞാൻ തനിയെയും മറ്റ് ചിലത് ശ്യാം ഒറ്റക്കുമാണ് സ്ക്രിപ്റ്റ് ചെയ്തത്. ഇനിയുള്ള സിനിമകളും ഞങ്ങൾ ഒരുമിച്ച് ചെയ്യുമെന്നോ ഇല്ലെന്നോ ഉള്ള മുൻവിധികളുമില്ല.
എന്നും സിനിമ തന്നെയായിരുന്നു മനസിൽ. അതുകൊണ്ടാണ് അടിസ്ഥാനപരമായി അനിമേറ്റർ ആയിരുന്നിട്ടും ഞാൻ എഴുത്തിലൂടെ സിനിമയിലെത്തിയത്. ഒരു ആഡ് കമ്പനിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇതിനിടയിൽ ശ്യാമുമായി സൗഹൃദത്തിലായി. ഞങ്ങൾ രണ്ടാളും ചേർന്ന് ഒരു സ്റ്റോറി ഡെവലപ്പ് ചെയ്ത് ആഷിക്ക് അബുവിനെ കണ്ടു.
അങ്ങനെ സംഭവിച്ചതാണ് സോൾട്ട് ആന്റ് പെപ്പർ. ഇതിന്റെ വിജയത്തോടെ സിനിമ പ്രൊഫഷനാക്കി എടുത്തു. സിനിമയിൽ എത്തിയില്ലെങ്കിലും മറ്റ് ജോലികൾ ഒന്നും അറിയില്ല. ഭാവിയിൽ ഇനിയും ഏറെ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. ഇത് വരെ ചെയ്ത സിനിമകളോടാണോ ഇനിയും വരാൻ പോകുന്ന സിനിമകളോടാണോ കൂടുതൽ പ്രണയം എന്നും പറയാൻ കഴിയില്ല.
കമ്മ്യൂണിക്കേഷനാണ് പ്രധാനം
ഒരു തിരക്കഥ ഒരുക്കി സംവിധായകനെ കാണുന്ന രീതിയെക്കാൾ കൂട്ടായ ചർച്ചയിൽ സിനിമ ഉരുത്തിരിഞ്ഞ് വരുന്നതാണ് കൂടുതൽ ഇഷ്ടം. രണ്ട് വ്യക്തികൾ തമ്മിലുളള ഇടപെടലുകളിലൂടെയും മാനസികമായ ഒത്തു ചേരലിലൂടെയുമാണ് ഒരു സിനിമ സംഭവിക്കുന്നത്. അങ്ങിനെ ആയിരിക്കണം ഒരു സിനിമ സംഭവിക്കേണ്ടത്.
മറ്റൊരാൾക്ക് വേണ്ടി തിരക്കഥ എഴുതുമ്പോൾ അദ്ദേഹത്തിന്റെ മാനറിസങ്ങൾക്ക് അനുസരിച്ച് ഭയങ്കരമായ സാങ്കേതിക ഘടകങ്ങൾ തരണം ചെയ്ത് വേണം അത് പൂർത്തീകരിക്കാൻ. അതുപോലെ ഇതിന് മറ്റൊരു വശവുമുണ്ട്, എന്റെ മാനറിസങ്ങൾ പെട്ടെന്ന് മനസിലാക്കാൻ കഴിയുന്ന സുഹൃത്തിനേപ്പോലുളള ഒരു വ്യക്തിക്ക് അല്ലെങ്കിൽ ഒരു സംവിധായകന് അത് ആരായാലും ഞാൻ എഴുതിയ തിരക്കഥ പെട്ടെന്ന് ഉൾക്കൊളളാനും കഴിയും. ഇക്കാരണങ്ങളാൽ ഏതെങ്കിലും ഒരു പ്രത്യേക സംവിധായകന് വേണ്ടി തിരക്കഥ എഴുതണമെന്നുളള ഒരു താത്പര്യം ഇതുവരെ തോന്നിയിട്ടില്ല.
ഒരു കഥ ഡെവലപ്പ് ചെയ്താൽ കൃത്യമായ ഒരു പ്ലോട്ട് കണ്ടെത്തും. അതിനുശേഷം ഇതുമായി ബന്ധപ്പെട്ട് മറ്റ് ഏരിയകളിലേക്ക് കടക്കും. ഓരോ കഥാപാത്രങ്ങളുടെയും പ്രത്യേകമായ സവിശേഷതകൾ, മറ്റ് പഠനങ്ങൾ, ലൊക്കേഷൻ സ്കെച്ചിംഗ്, പ്രീ പ്രൊഡക്ഷൻ തയ്യാറാക്കൽ, കഥാപാത്രങ്ങൾക്ക് വേണ്ടി ഏറ്റവും അനുയോജ്യമായ ആർട്ടിസ്റ്റുകളെ കണ്ടെത്തൽ ഇങ്ങനെ പതിയെ എല്ലാ ഘടകങ്ങളും ഒത്തുവന്നതിന് ശേഷം മാത്രമായിരിക്കും ഷൂട്ടിംഗ് കാര്യങ്ങളിലേക്ക് കടക്കുക.
എപ്പോഴുമുണ്ട് ന്യൂജെൻ
ന്യൂജെൻ ട്രെൻഡ് ഞങ്ങൾ മനഃപ്പൂർവം സൃഷ്ടിച്ചെടുത്ത ഒന്നല്ല. എല്ലാ കാലഘട്ടങ്ങളിലും അതുണ്ടായിരുന്നു. സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ഈ ന്യൂജനറേഷൻ സംഭവിച്ചു കൊണ്ടേയിരിക്കും. ഇപ്പോൾ അത് ന്യൂ ജനറേഷൻ എന്നപേരിലാണ് അറിയപ്പെടുന്നതെങ്കിൽ അടുത്ത ഘട്ടങ്ങളിൽ മറ്റൊരു പേരിലായിരിക്കാം അത് അറിയപ്പെടുക.
80 - 90 കാലഘട്ടങ്ങളിൽ കെ.ജി ജോർജ്, പത്മരാജൻ, ഭരതൻ, ഐ.വി ശശി,അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ തുടങ്ങിയ മഹാരഥൻമാരുടെ സിനിമകളും അതോടൊപ്പം സമാന്തര സിനിമകളും ലോക സിനിമകളും കൂടുതലായി സൃഷ്ടിക്കപ്പെട്ടത് ഈ കാലഘട്ടങ്ങളിലാണ്.ആ കാലഘട്ടങ്ങളിലെ ഓരോ സിനിമകളും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്, അന്നത്തെ സിനികളോട് ഒരുപാട് ഇഷ്ടം തോന്നിയിട്ടുണ്ട്. അന്ന് കണ്ട സിനിമകൾ ഒന്നും മറക്കാൻ കഴിയില്ല, അവയൊക്കെ പിന്നീടുള്ള സിനിമാ ജീവിതത്തിൽ ഒരുപാട് പ്രചോദനം നൽകിയിട്ടുമുണ്ട്.
സിനിമയിൽ റീ ടേക്ക് ഉണ്ടെങ്കിലും ജീവിതത്തിൽ റീ ടേക്ക് ഇല്ല എന്ന ചിന്താഗതിക്കാരനാണ് ഞാൻ. നിരീക്ഷിക്കുക, പ്രായോഗിക ബോധം കൊണ്ട് കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക, നന്നായി സിനിമകൾ കാണുക, നന്നായി വായിക്കുക, സത്യസന്ധമായി കാര്യങ്ങളിൽ ഇടപെടുക, പാഷൻ ഉണ്ടാവുക. ഇതൊക്കെയാണ് അടിസ്ഥാനപരമായി വേണ്ട ഗുണങ്ങൾ.
മീ ടൂ നല്ലത്
സ്ത്രീകൾക്ക് എതിരായി നിരവധി അതിക്രമങ്ങളാണ് ഒാരോ ദിവസവും നടക്കുന്നത്. ഇത്തരത്തിലുള്ള അതിക്രമങ്ങൾ കോടതി അറിയണം, ഭരണ സംവിധാനങ്ങൾ അറിയണം. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം അതിന് വേണ്ടിയുളള ഒരു മൂവ്മെന്റാണ് മീ ടൂ വീവാദങ്ങൾ എന്നാണ് എന്റെ അഭിപ്രായം. അത്തരം തുറന്നു പറച്ചിലുകൾ നല്ലതാണ്.
ഇതാണെന്റെ കുടുംബം
ഭാര്യ ശരണ്യ. മക്കൾ: അമയ,അച്ചുതൻ, ഇവരെ കൂടാതെ അമ്മയും രണ്ട് സഹോദരങ്ങളും വീട്ടിലുണ്ട്.