drones

ന്യൂഡൽഹി : അതിർത്തിയിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങൾ തുടരുന്നു. അതിർത്തി പ്രദേശത്തായി പാകിസ്ഥാൻ വൻ സൈനിക നീക്കങ്ങൾ നടത്തുന്നതായി സൈന്യം സൂചന നൽകുന്നു . അമേരിക്കൻ നിർമ്മിത എഫ്.16 വിമാനങ്ങളുടെ ഒരു സ്‌ക്രാഡനെ വിന്യസിച്ചതായി ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഇതിനെ പിൻവലിച്ച് ചൈനീസ് നിർമ്മിത വിമാനങ്ങൾ അതിർത്തിക്കടുത്തുള്ള സൈനിക ബേസിൽ വിന്യസിച്ചിരിക്കുകയാണിപ്പോൾ. ചൈനയുടെ അത്യാധുനിക ആളില്ലാവിമാനങ്ങളും ഇക്കൂട്ടത്തിലുൾപ്പെട്ടിട്ടുണ്ട്. അതിർത്തിയിൽ വ്യോമ നിരീക്ഷണം നടത്തുന്നതിനോടൊപ്പം വേണ്ടിവന്നാൽ ആയുധ പ്രയോഗവും നടത്താൻ ഇവയ്ക്ക് ശേഷിയുണ്ട്. അടുത്തിടെ നിരീക്ഷണത്തിനായി നിരവധി ഡ്രോണുകളാണ് അതിർത്തി കടന്നെത്തിയത്. എന്നാൽ ഇവയിൽ മിക്കവയും ഇന്ത്യൻ സൈന്യം വെടിവച്ചിടുകയായിരുന്നു.

ബലാക്കോട്ട് ആക്രമണത്തിന് ശേഷം അതിർത്തിയിൽ സംഘർഷം രൂക്ഷമായ ദിവസങ്ങളിൽ രാജസ്ഥാൻ,ഗുജറാത്ത് അതിർത്തികളിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടിരുന്നു. ഇതിനെ തുടർന്നാണ് ആയുധങ്ങൾ വഹിക്കാനാവുന്ന ഡ്രോണുകൾ പാകിസ്ഥാൻ ഉപയോഗിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ചെറിയ മിസൈലുകളും ലേസർ ബോംബുകളും വഹിക്കാൻ ചൈനയിൽ നിന്നും പാകിസ്ഥാൻ വാങ്ങിയ ഡ്രോണുകൾക്ക് സാധിക്കും. കഴിഞ്ഞ ഒക്ടോബറിൽ ചൈനയിൽ നിന്ന് 48 വിംഗ് ലൂംഗ് ഡ്രോണുകൾ പാകിസ്ഥാൻ വാങ്ങിയിരുന്നു.