നടൻ ആര്യയുമായുള്ള വിവാഹത്തെ തുടർന്ന് സയേഷ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കാൻ പോവുകയാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അത്തരം പ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി. വിവാഹ ശേഷം അഭിനയം നിറുത്താൻ താൻ ഒരിക്കലും തീരുമാനിച്ചിട്ടില്ലെന്ന് സയേഷ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്. അഭിനയം തുടരണോ അതോ അവസാനിപ്പിക്കണോ എന്നതും എന്റെ വിഷയം. സിനിമയിൽ തുടരാനാണ് എന്റെ തീരുമാനം. ജ്യോതിക, സാമന്ത തുടങ്ങിയവരാണ് എനിക്ക് പ്രചോദനമായി ഒപ്പമുള്ളത്. വിവാഹം ഒരിക്കലും നമ്മുടെ ആഗ്രഹങ്ങൾക്ക് തടസമല്ല.
ആര്യയുടെ ശക്തമായ പിന്തുണയും എനിക്കുണ്ടെന്നും 21കാരിയായ സയേഷ പറയുന്നു. ഇക്കഴിഞ്ഞ മാർച്ച് 10നായിരുന്നു ആര്യ- സയേഷ വിവാഹം ഹൈദരാബാദിൽ നടന്നത്. ഗജിനികാന്ത് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. കാപ്പാൻ എന്ന സൂര്യ- മോഹൻലാൽ ചിത്രത്തിലും ഈ ജോഡികൾ ഒന്നിക്കുന്നുണ്ട്. വിവാഹ ശേഷം രണ്ട് തെലുങ്ക് ചിത്രങ്ങളിൽ കരാർ ഒപ്പിട്ടിരിക്കുകയാണ് സയേഷ.