palaghat

പാലക്കാട്: പട്ടാമ്പിക്കടുത്ത് വിളയൂരിൽ കറിക്കായത്തിന്റെ പെട്ടി പൊട്ടിതെറിച്ച് രണ്ട് പേർക്ക് പരിക്ക്. വിളയൂർ ഗൾഫ് റോഡിൽ തുമ്പത്തൊടി ഹമീദിന്റെ ഭാര്യ ആയിഷ,​ സഹോദര പുത്രൻ ഷിഫാൻ(4)​)​ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

അച്ചാർ പാചകം ചെയ്യുന്നതിനിടെ ദിവസങ്ങൾക്ക് മുൻപ് വാങ്ങി വച്ച കായപ്പെട്ടി ഉഗ്ര ശബ്ദത്തോടെ പൊട്ടി തെറിക്കുകയായിരുന്നെന്ന് ആയിഷ പറഞ്ഞു. പൊട്ടിത്തെറിച്ചപ്പോൾ വെടിമരുന്നിന്റെ ഗന്ധമുണ്ടായിരുന്നെന്ന് ആയിഷ വ്യക്തമാക്കി. ആയിഷയുടെ മുഖത്തും ഷിഫാന്റെ കലിന് ആഴത്തിലുള്ള പരിക്കും സംഭവിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് ഇവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലമന്തോളിലെ കടയിൽ നിന്നാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് കറിക്കായം വാങ്ങിയത്. വാണിയങ്കുളത്ത് നിന്നാണ് കായം പുലമന്തോളിലെ കടയിലെത്തിയതെന്ന് കടയുടമ പൊലീസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.