വാഷിംഗ്ടൺ: ഇന്ത്യയ്‌ക്ക് നേരെ ഇനി ഭീകരാക്രമണം നടത്തിയാൽ അത് അങ്ങേയറ്റം അപകടകരമായിരിക്കുമെന്ന് അമേരിക്ക പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഭീകരസംഘടനകളെ അമർച്ച ചെയ്യാൻ പാകിസ്ഥാൻ ശക്തമായ നടപടികൾ എടുക്കണമെന്നും വൈറ്റ്‌ഹൗസിലെ ഉന്നത ഉദ്യോഗസ്ഥൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തയ്‌ബയും പോലുള്ള ഭീകരസംഘടനകൾക്കെതിരെ പാകിസ്ഥാൻ ശക്തമായ നടപടികൾ എടുക്കണം. അത് ചെയ്യാതെ ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീകരാക്രമണം നടന്നാൽ അത് പാകിസ്ഥാന് അങ്ങേയറ്റം ആപത്കരമായിരിക്കും. അത് സംഘർഷം രൂക്ഷമാക്കുകയും ഇരു രാജ്യങ്ങൾക്കും വലിയ ആപത്തുണ്ടാക്കുകയും ചെയ്യും - അദ്ദേഹം പറഞ്ഞു.
ബലാക്കോട്ടിലെ ഇന്ത്യൻ പ്രഹരത്തിന് ശേഷം പാകിസ്ഥാൻ ചില നടപടികൾ എടുത്തിട്ടുണ്ട്. ചില ഭീകരഗ്രൂപ്പുകളുടെ ആസ്‌തികൾ മരവിപ്പിച്ചു. കുറേ പേരെ അറസ്റ്റ് ചെയ്‌തു. ജയ്‌ഷെ കേന്ദ്രങ്ങൾ ഏറ്റെടുത്തു. അറസ്റ്റ് ചെയ്യുന്നവരെ ഏതാനും മാസങ്ങൾ കഴിയുമ്പോൾ വിട്ടയയ്‌ക്കുകയാണ് പതിവ്. ഇപ്പോഴും ഭീകര നേതാക്കൾ പാകിസ്ഥാനിൽ സ്വതന്ത്രമായി സഞ്ചരിക്കുകയും റാലികൾ നടത്തുകയും ചെയ്യുന്നുണ്ട്. ഭീകരഗ്രൂപ്പുകളെ ഒതുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ശക്തമാക്കാൻ അമേരിക്ക സഖ്യ രാഷ്‌ട്രങ്ങളുമായി ആലോചിക്കുന്നുണ്ട്. ഭീകരർക്ക് ഫണ്ട് എത്തുന്നത് നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സിന് പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കാൻ കഴിയും. ഭീകരർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പാകിസ്ഥാനെ ഈ ഏജൻസി ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താം. അത് പാകിസ്ഥാനെതിരെ സാമ്പത്തിക ഉപരോധത്തിന് വഴിയൊരുക്കും. ലോകത്തെ സാമ്പത്തിക സ്രോതസുകൾ ഉപയോഗിക്കാൻ അവകാശമുള്ള ഉത്തരവാദിത്വമുള്ള ഒരു രാജ്യമാകണോ, ഭീകരർക്കെതിരെ നടപടിയെടുക്കാതെ കൂടുതൽ ഒറ്റപ്പെടണോ എന്ന് പാകിസ്ഥാൻ സ്വയം തീരുമാനിക്കണം.
സംഘർഷം അയഞ്ഞെങ്കിലും ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യം അതീവ ജാഗ്രതയിലാണ്. ഇനിയൊരു ഭീകരാക്രമണം നടന്നാൽ സംഘർഷം രൂക്ഷമാകും. ഇരുപക്ഷത്തു നിന്നും സൈനിക നടപടിയുണ്ടായാൽ രണ്ട് രാജ്യങ്ങളും അത്യാപത്തിലാവും.
ഫെബ്രുവരി14ന് ഇന്ത്യയ്ക്കെതിരെ നടന്ന ഭീകരാക്രമണം പാകിസ്ഥാൻ ഭീകരരുടെ താവളമാണെന്നതിന്റെ തെളിവായിരുന്നു. പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഫെബ്രുവരി 26 മുതൽ 28 വരെ അമേരിക്ക ഇന്ത്യയുമായും പാകിസ്ഥാനുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇന്ത്യ - പാക് ബന്ധത്തിലെ വളരെ അപകടകരമായ ആ നിമിഷങ്ങളിലെ സംഘർഷം ലഘൂകരിക്കാൻ അമേരിക്കൻ ഉദ്യോഗസ്ഥർ തുടർച്ചയായി ഫോണിലൂടെ ചർച്ച നടത്തുകയായിരുന്നു. സംഘർഷം ലഘൂകരിക്കാൻ ചൈന, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ സഹായവും അമേരിക്ക തേടിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു.