ഷവോമിയുടെ ആദ്യ ആൻഡ്രോയിഡ് ഗോ സ്മാർട് ഫോണായ റെഡ്മി ഗോ ഇന്ത്യൻ വിപണിൽ അവതരിപ്പിച്ചു. നോക്കിയ വൺ, സാംസങ് ഗാലക്‌സി ജെ2 കോർ, മൈക്രോമാക്‌സ് ഭാരത് ഗോ, ജിയോഫോൺ 2 എന്നിവയുമായുള്ള മത്സരത്തിനാണ് 'റെഡ്മി ഗോ' വിപണിയിൽ എത്തിയിരിക്കുന്നത്. മാർച്ച് 22 മുതൽ ഫ്ലിപ്കാർട്ട്, എംഐ.കോം, എംഐ ഹോം എന്നിവിടങ്ങളിൽ നിന്ന് ഫോൺ വാങ്ങാൻ സാധിക്കും.
സോഫ്റ്റ്‌വെയർ തന്നെയാണ് റെഡ്മി ഗോയുടെ പ്രത്യകത. ആൻഡ്രോയിഡിന്റെ പുത്തൻ പതിപ്പായ പൈ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗൂഗിളിന്റെ ആൻഡ്രോയിഡ് ഗോ ഒ.എസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. റാം, സ്റ്റോറേജ് ശേഷി എന്നിവയിൽ കുറഞ്ഞ വിലക്കുറവിൽ ലഭ്യമാവുന്ന സ്മാർട് ഫോണുകളിൽ ഉപയോഗിക്കാൻ കഴിയും വിധം രൂപകൽപന ചെയ്ത ആൻഡ്രോയിഡ് ഒ.എസിന്റെ ചെറിയ പതിപ്പാണ് ആൻഡ്രോയിഡ് ഗോ.
വിലകൂടിയ ഫോണുകൾ വാങ്ങാൻ സാധിക്കാത്ത സാധാരണക്കാരെയും സ്മാർട്ട്ഫോൺ സേവനങ്ങളിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വികസ്വര രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഗൂഗിൾ ആൻഡ്രോയിഡ് ഗോ പദ്ധതി ആരംഭിച്ചത്. സിംഗിൾ ലെൻസ് കാമറയുള്ള ഫോണിന് പ്ലാസ്റ്റിക്ക് നിർമ്മിത ബോഡിയാണുള്ളത്.
720 പിക്‌സല്‍ റസലൂഷനിലുള്ള അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 425 പ്രൊസസർ ആണ് ഫോണിന് കരുത്തേകുന്നത്. മറ്റു ഫോണുകളുമായി ഇതിനെ കൂട്ടേണ്ട കാര്യമില്ല. ഒരു ജി.ബി റാമും എട്ട് ജി.ബി മെമ്മറി ശേഷിയുമുള്ള ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ച് 128ജി.ബി വരെ അത് ഉയർത്താൻ സാധിക്കും.
എട്ട് മെഗാപിക്സൽ റിയർ ക്യാമറയും എൽ.ഇ.ഡി ഫ്ലാഷുമാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. താല്കാലികമായി സെൽഫി ചിത്രങ്ങൾ എടക്കാനായി 5മെഗാപിക്സൽ കാമറയും റെഡ്മി ഗോയിൽ ഉണ്ട്. 3000എം.എ.എച്ച് ബാറ്ററിയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.