കൊടുംവേനലിൽ ഉരുകിത്തിളയ്ക്കുന്ന സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് ജലചൂഷണം തടയാനും ജലക്ഷാമം പരിഹരിക്കാനുമുള്ള പദ്ധതികളുമായി സർക്കാർ രംഗത്ത്. കേരളകൗമുദി പരമ്പരയെ തുടർന്നാണ് ജലദുരുപയോഗം തടയാനുള്ള പ്രത്യേക പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്.
കൊടുംവരൾച്ചയുടെ നാളുകളെ പ്രതിരോധിക്കാനായി മഴവെള്ള സംഭരണം, റീചാർജിംഗ്, കുപ്പിവെള്ള - കുഴൽക്കിണർ ജലചൂഷണം എന്നിവയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പരമ്പര 'ഉയിർപ്പു തേടുന്ന ഉറവുകൾ" കേരളകൗമുദി മാർച്ച് ആറ് മുതൽ 11 വരെ പ്രസിദ്ധീകരിച്ചിരുന്നു.കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും കുപ്പിവെള്ള കമ്പനികൾ ജലചൂഷണം നടത്തുന്നതായി പരമ്പര ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് സർക്കാർ കുടിവെള്ള ക്ഷാമം കൂടുതൽ ബാധിച്ച ജില്ലകളിൽ കുപ്പിവെള്ള , മദ്യ കമ്പനികൾക്കുള്ള ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് തീരുമാനിച്ചു.
വ്യവസായങ്ങൾക്ക് കുഴൽക്കിണർ കുഴിക്കുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ആർട്ടിഫിഷ്യൽ റീചാർജിലൂടെ ജലഅളവ് കൂട്ടുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. പുരപ്പുറങ്ങളിലും പറമ്പുകളിലും വീഴുന്ന മഴവെള്ളത്തെ കിണർ റീചാർജിംഗിനും ഭൂഗർഭജലത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുമായി ഉപയോഗിച്ച് ജലക്ഷാമത്തെ വളരെ എളുപ്പത്തിൽ നേരിടാം എന്നതിനെക്കുറിച്ച് പരമ്പര സമഗ്രമായി പ്രതിപാദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വരും നാളുകളിൽ ആർട്ടിഫിഷ്യൽ റീചാർജിംഗ് രീതി ഗൗരവമായി പരിഗണിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.