കൊല്ലം: രാജസ്ഥാൻ കുടുംബത്തിലെ 14 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളായ നാല് പേർക്കെതിരെ പൊലീസ് പോക്‌സോ കുറ്റം ചുമത്തി. മുഖ്യപ്രതി മുഹമ്മദ് റോഷന്റെ കൂട്ടാളികളായ മൂന്നുപേരെ പൊലീസ് അറസ്‌റ്ര് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി ഓച്ചിറ പായിക്കുഴി സ്വദേശി പ്യാരി (19), പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാർ ഓടിച്ച പായിക്കുഴി സ്വദേശി അനന്തു (20), ചങ്ങൻകുളങ്ങര സ്വദേശി വിപിൻ (18) എന്നിവരാണ് അറസ്റ്റിലായത്. കാർ വാടകയ്‌ക്ക് എടുത്തു നൽകിയ ഇവരുടെ സുഹൃത്ത് ബിപിൻ ബാബുവിനെ (20) കസ്‌റ്റഡിയിലെടുത്തെങ്കിലും നേരിട്ട് പങ്കില്ലെന്ന നിഗമനത്തിൽ വിട്ടയച്ചു. കാറിന്റെ ഉടമയെയും ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. പ്യാരിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്‌തു.
തിങ്കളാഴ്ച രാത്രി 10 ഓടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരുമണിക്കൂറിനകം മാതാപിതാക്കൾ പരാതി നൽകിയെങ്കിലും പൊലീസ് പ്രശ്‌നം ഗൗരവമായെടുത്തില്ല. എന്നാൽ ചൊവ്വാഴ്‌ച സാമൂഹ്യപ്രവർത്തകരും ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്‌കുമാറും മുൻ പഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കൽ മജീദും പ്രശ്നത്തിൽ ഇടപെടുകയും പ്രശ്നം സാമൂഹ്യ മാദ്ധ്യമങ്ങളിൽ കൂടി പ്രചരിക്കുകയുമായിരുന്നു.
പെൺകുട്ടിയുമായി റോഷൻ ട്രെയിൻ മാർഗം ബംഗളൂരുവിൽ എത്തിയെന്ന വിശ്വാസത്തിൽ ഓച്ചിറ എസ്.ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ബംഗളൂരുവിൽ നിന്ന് എത്തി കീഴടങ്ങിയ പ്യാരിയെ ചോദ്യം ചെയ്‌തപ്പോൾ ഇരുവരും ബംഗളൂരുവിൽ ഉണ്ടെന്ന വിവരമാണ് നൽകിയത്. സംഭവത്തിൽ വനിതാകമ്മിഷൻ സ്വമേധയാ കേസെടുത്തു. പെൺകുട്ടിയെ എത്രയും വേഗം കണ്ടെത്തണമെന്നും സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ അംഗം എം.എസ്.താര പൊലീസ് ചീഫിനോട് ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാൻ, മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാസുഭാഷ്, കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ എന്നിവർ സന്ദർശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിച്ചു.